
അസം സ്വദേശിയെ കൊന്ന് ചാക്കില്‍ കെട്ടി തോട്ടില്‍ തള്ളിയ സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു
Posted on: 01 Jun 2015
വൈക്കം: തലയാഴത്ത് സ്വകാര്യ ഗ്യാസ് ഗോഡൗണിലെ തൊഴിലാളിയായിരുന്ന അസം സ്വദേശി മോഹന്‍ദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കൂടെ ജോലി ചെയ്തിരുന്ന ദേവ്‌നാഥിനെ(35) നാട്ടിലെത്തിച്ചു. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്ന് ഇയാള്‍ സമ്മതിച്ചു. പോലീസ് പറയുന്നത് കൊല്ലപെട്ട മോഹന്‍ദാസും പ്രതി ദേവ്‌നാഥും ആറു മാസമായി തലയാഴത്തെ സ്വകാര്യ ഗോഡൗണിലെ തൊഴിലാളികളാണ്. മോഹന്‍ദാസാണ് ദേവ്‌നാഥിനെ ഇവിടെ ജോലിക്ക് കൊണ്ടുവന്നത്. ഇരുവര്‍ക്കും എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ശമ്പളം. വീട്ടില്‍ ആഘോഷങ്ങള്‍ നടത്തിയ വകയില്‍ പതിനായിരം രൂപ ഇയാള്‍ക്ക് കടമുണ്ട്. കടം വീട്ടാനാണ് കൊല നടത്തിയത്. സംഭവം നടന്ന മെയ് 16ന് രാത്രിയില്‍ പതിവുപോലെ ഇരുവരും മദ്യപിച്ചു. മോഹന്‍ദാസ് രാത്രി രണ്ടുമണിയോടെ മുറിയില്‍നിന്ന് പുറത്തിറങ്ങി. ദേവ്‌നാഥ് പിറകെ എത്തി വാഹനത്തിന്റെ പ്ലേറ്റ് കൊണ്ട് മോഹന്‍ദാസിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് ഇയാള്‍ ബോധം കെട്ട് നിലത്തുവീണു. തുടര്‍ന്ന് പ്രതി കൈലി കൊണ്ട് കഴുത്തില്‍ ചുറ്റിവരിഞ്ഞ് മരണം ഉറപ്പ് വരുത്തി. വീണ്ടും രണ്ടു പ്രാവശ്യം പ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചു. െബഡ്ഷീറ്റ് കൊണ്ട് ശരീരം പൊതിഞ്ഞ് ചാക്കില്‍ കയറ്റി തൊട്ടടുത്തുള്ള തോട്ടില്‍ തള്ളുകയായിരുന്നു. മോഹന്‍ദാസിന്റെ ബാഗിലുണ്ടായിരുന്ന 8000 രൂപയും കുടുക്കയിലുണ്ടായിരുന്ന 1500 രൂപയും മറ്റൊരു ജീവനക്കാരന്റെ 1200 രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ വൈക്കത്തെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ എത്തി. അവിടെനിന്ന് ആലുവയില്‍ എത്തി െട്രയിനില്‍ അസമിലേക്ക് രക്ഷപ്പെട്ടു. കൊലപാതകവിവരം പുറത്തറിയുന്നത് വെള്ളിയാഴ്ചയാണ്. ദേവ്‌നാഥിന്റെ മൊബൈലിന്റെ ടവര്‍ പരിശോധിച്ചതില്‍ ഇയാള്‍ അസമിലുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് വൈക്കം സി.ഐ. നിര്‍മ്മല്‍ ബോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷ എന്നിവര്‍ അസമിലെത്തി. 24-ാം തിയ്യതി ദേമാജി ജില്ലയിലെ കിലാമല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ദൊക്വഖാന സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അടുത്ത് ഹാജരാക്കിയതിനുശേഷം ഞായറാഴ്ച രാവിലെ വൈക്കത്ത് എത്തിച്ചു. തിങ്കളാഴ്ച തെളിവെടുപ്പിനായി തലയാഴത്ത് എത്തിക്കും. ഡിവൈ.എസ്.പി. സുനീഷ് ബാബു, സി.ഐ. നിര്‍മ്മല്‍ ബോസ്, എസ്.ഐ.മാരായ സജീവ്കുമാര്‍, രാജന്‍കുമാര്‍, എ.എസ്.എ. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
