
കോക്കാച്ചിയുടെ കൂട്ടുകാര്‍ പിടിയില്‍
Posted on: 31 May 2015

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടി ലഹരിമരുന്ന് കേസില്‍ നാലുപേര്‍ കൂടി പോലീസ് പിടിയിലായി. കോഴിക്കോട് പറപ്പില്‍ പുളിയന്‍ചാലില്‍ വസീം (28), മനക്കാവ് ആഴ്ചവട്ടം റംലത്ത് മന്‍സിലില്‍ മുഹമ്മദ് ഷബീബ് (26), പോക്കുന്ന് പൂവത്തിന്‍കണ്ടിപറമ്പില്‍ ജനിത്ത് (25), കല്ലായി മീഞ്ചന്ത വട്ടക്കിണര്‍ ഫവാസ് (27) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ കോക്കാച്ചി എന്ന മിഥുന് കോഴിക്കോട്ടുനിന്ന് ഹാഷിഷ് എത്തിച്ചുകൊടുത്തത് ഇവരാണ്. കോയമ്പത്തൂരില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്.
ഇന്റീരിയര്‍ ഡിസൈനറും ഡി.ജെ.യുമായ വസീം കൊച്ചിയിലെ പാര്‍ട്ടികളില്‍ വെച്ചാണ് കോക്കാച്ചി മിഥുനെ പരിചയപ്പെടുന്നത്. ഖത്തറിലെ പ്രമുഖ ഹോട്ടലില്‍ ഫെയര്‍ നൈറ്റ് എന്ന ക്ലബ്ബിലെ ഡി.ജെ.യായിരുന്നു വസീം. മിഥുന്റെ നിര്‍ദ്ദേശാനുസരണം വസീമിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കോഴിക്കോട്ടുനിന്ന് കൊച്ചിയിലെ ഡി.ജെ. പാര്‍ട്ടിക്കെത്തിയത്. ഇവര്‍ കൊച്ചിയിലെത്തുന്നതിനു മുമ്പുതന്നെ പോലീസ് സാധ്യതയെക്കുറിച്ച് മിഥുന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസുണ്ടാകുമെന്ന് മനസ്സിലാക്കിയ വസീമും കൂട്ടുകാരും ഹാഷിഷ് കാറില്‍ തന്നെ വെച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
ഡി.ജെ. ഹാളില്‍ വെച്ച് പോലീസ് ഇവരെ ശാരീരിക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പോലീസ് പോയതിനു ശേഷം കാക്കനാട്ടുള്ള ഫ്ലൂറ്റില്‍ വെച്ചാണ് പ്രതികള്‍ മിഥുന് ഹാഷിഷും ആംപ്യൂളും കൈമാറിയത്. ഫ്ലൂറ്റില്‍ വെച്ച് 13,300 രൂപ മിഥുന്‍ ഫവാസിനെ ഏല്പിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് ഷബീബ് ആണ് വസീമിന് ഹാഷിഷ് എത്തിച്ചിരുന്നത്. ഇപ്പോള്‍ ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്യുന്ന ഷബീബ് നേരത്തെ മുംബൈയിലും ചൈനയിലും ജോലി ചെയ്തിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണ് ഷബീബെന്നും പോലീസ് പറഞ്ഞു. കുറച്ചുനാള്‍ ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജനിത്ത് നാട്ടിലെത്തി സെയില്‍സ്മാനായി ജോലി ചെയ്യുമ്പോഴാണ് വസീമിനെ പരിചയപ്പെടുന്നത്. നാട്ടില്‍ ബിസിനസ് ചെയ്യുന്ന ഫവാസിന് രണ്ട് വര്‍ഷമായി വസീമിനെ പരിചയമുണ്ട്.
പോലീസ് കോഴിക്കോട്ട് എത്തുമെന്ന് മനസ്സിലാക്കിയ സംഘം ആദ്യം ബെംഗളുരുവിലേക്കാണ് കടന്നത്. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് കടന്നപ്പോഴാണ് ഇവര്‍ പോലീസ് പിടിയിലായത്.
ഡി.സി.പി. ഹരിശങ്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണര്‍ ബാബുകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൗത്ത് സി.ഐ. സിബി ടോം, ഷാഡോ എസ്.ഐ. അനന്തലാല്‍, മരട് എസ്.ഐ. വിപിന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
