
മാളൂട്ടിയുടെ കണ്ണുകളില്‍ തൂവെളിച്ചം നിറഞ്ഞു
Posted on: 30 May 2015

രാജാക്കാട്: കുഞ്ഞുമാളൂട്ടിയുടെ രണ്ടുകണ്ണുകള്‍ക്കു മുന്നിലും വെളിച്ചം നിറഞ്ഞു. പാല്‍പുഞ്ചിരിതൂകി അവള്‍ കണ്‍മുന്നിലെ ലോകത്തെ നോക്കികണ്ടു. കളിക്കൂട്ടുകാരെയും പോറ്റമ്മമാരെയും അവള്‍ കൗതുകത്തോടെനോക്കി ആഹ്ലൂദം പങ്കുവച്ചു. രണ്ടുകണ്ണുകക്കും കാഴ്ചയില്ലാത്ത മാളൂട്ടിക്കു കാഴ്ച ലഭിച്ചത് കണ്ണുള്ളവരുടെ കാരുണ്യം കൊണ്ടാണ്. കഴിഞ്ഞ മാസം 17ന് ഹൈദ്രബാദിലെ എല്‍.വി. പ്രസാദ് ഐ. ഫൗണ്ടേഷനില്‍ വലതുകണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ഈ മാസം 14ന് ഇടത്തേ കണ്ണിന്റെയും ശസ്ത്രക്രിയ വിജയകരമായി നടത്തി.
ഒരു വയസ്സുതികയാത്ത മാളൂട്ടിക്ക് കാഴ്ചയില്ലെന്നറിഞ്ഞ നാള്‍ മുതല്‍ കരുണാഭവന്‍ ട്രസ്റ്റി ട്രീസാ തങ്കച്ചന്‍ ആസ്പത്രികള്‍ കയറിയിറങ്ങുകയായിരുന്നു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ച സുമനസ്സുകള്‍ നല്‍കിയ സഹായമാണ് ഈ കുരുന്നിന് കാഴ്ച നല്‍കിയത്. ആറാം മാസത്തില്‍ ജനിച്ച കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചതോടെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നാണ് കരുണാഭവന്‍ ഏറ്റെടുത്ത്. മാളൂട്ടിയുടെ ഇടതുചെവിക്കും തകരാറുണ്ടെന്ന് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വൈകാതെ കുഞ്ഞിന്റെ കേള്‍വിശക്തി നേടുന്നതിനുള്ള ചികിത്സകളും നടത്തും. എഴുപതോളം അനാഥരായ കുട്ടികളെ പരിപാലിക്കുന്ന കരുണാഭവന്‍ കുടുംബത്തില്‍ രണ്ടു വയസ്സില്‍ താഴെയുള്ള അഞ്ചു കുഞ്ഞുങ്ങളുണ്ട്. മാളൂട്ടിയ്ക്ക് കാഴ്ച കിട്ടിയതിലുള്ള ആഹ്ലൂദത്തിലാണ് കരുണാഭവന്‍ കുടുംബം.
