
നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന് 15കാരി; നടപടിക്ക് നിര്‍ദേശം
Posted on: 30 May 2015
തൊടുപുഴ: പ്രായപൂര്‍ത്തിയാകുംമുേമ്പ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് വീടുവിട്ടോടിയ പെണ്‍കുട്ടി ശിശുക്ഷേമസമിതിയില്‍ മൊഴി നല്‍കി. ശൈശവവിവാഹ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജില്ലാ ശൈശവവിവാഹ നിരോധന ഓഫീസര്‍ക്ക് (അടിമാലി സി.ഡി.പി.ഒ.) സമിതി നിര്‍ദേശം നല്‍കി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാന്തമ്പാറ പോലീസിനും നിര്‍ദേശം നല്‍കി. ബൈസണ്‍വാലി മുട്ടുകാട്ടിലെ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന തമിഴ് പട്ടികവര്‍ഗ ദമ്പതിമാരുടെ മകളാണ് പെണ്‍കുട്ടി. ഏപ്രില്‍ 24ന് അമ്മയുടെ സഹോദരനുമായി ബോഡിനായ്ക്കനൂരിലെ വീട്ടില്‍ വിവാഹം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പൂജാരി ഉണ്ടായിരുന്നില്ല. എന്നാല്‍ താലി വലിച്ചെറിഞ്ഞ് പെണ്‍കുട്ടി ഇറങ്ങിയോടി. തുടര്‍ന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വരന്റെകൂടെ പറഞ്ഞുവിട്ടെങ്കിലും ബഹളമുണ്ടാക്കി പെണ്‍കുട്ടി തിരികെപ്പോന്നു. മുട്ടുകാട്ടിലെ വീട്ടിലെത്തിയ പെണ്‍കുട്ടി ഒരുമാസം മാതാപിതാക്കളോടൊപ്പമാണ് താമസിച്ചത്. വരന്റെ വീട്ടിലേക്കു പോകണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഭീഷണിയും മര്‍ദനവും തുടര്‍ന്നപ്പോഴാണ് വീടുവിട്ടോടിയതെന്നാണ് മൊഴി. മൂന്നാറിലെ തുണിക്കടയില്‍ ചൊവ്വാഴ്ച ജോലിയന്വേഷിച്ചെത്തിയ പെണ്‍കുട്ടിയെ കടയുടമയാണ് ചൈല്‍ഡ് ലൈനില്‍ ഏല്പിച്ചത്. എട്ടാംക്ലൂസ്സില്‍ പഠനം നിര്‍ത്തിയതാണ് പെണ്‍കുട്ടി. അടിമാലിയിലെ നിര്‍ഭയ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
