Crime News

കാപ്പ നിയമത്തിന്റെ മറവില്‍ രാഷ്ട്രീയ പകപോക്കല്‍; യുവാവ് ജയിലില്‍

Posted on: 29 May 2015

പി.ആര്‍.പ്രസാദ്‌



കൊടുങ്ങൂര്‍ (കോട്ടയം): സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള 2007ലെ 'കാപ്പ'നിയമത്തിന്റെ മറവില്‍ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, ആനിക്കാട്ട് യുവാവിനെ സാമൂഹികവിരുദ്ധനായി പ്രഖ്യാപിച്ച് കരുതല്‍തടങ്കലിന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ശിക്ഷിച്ചു. 'കാപ്പ' പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കണ്ണന്‍ എന്ന അജയകുമാറിനെ ശിക്ഷിച്ചത്.
രണ്ടുമാസമായി തൃശ്ശൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അജയകുമാറിന് അപ്പീല്‍ പോകാം. എന്നാല്‍, പ്രായമായ അച്ഛനും അമ്മയും ഇളയ സഹോദരിയും മാത്രമുള്ള ഇയാള്‍ക്ക് അതിനുള്ള സാഹചര്യങ്ങളില്ല. അതിനാല്‍ അജയകുമാര്‍ ഇനി നാലുമാസംകൂടി ജയിലില്‍ കഴിയണം.

ഇയാള്‍ക്കെതിരായ മൂന്നുകേസുകളിലും സമാനമായ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. വഴിയില്‍ തടഞ്ഞു, മര്‍ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചീത്തവിളിച്ചു എന്നിവയാണ് ആരോപണങ്ങള്‍. മൂന്നുകേസുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ് എതിര്‍ഭാഗത്തെന്നതും ശ്രദ്ധേയമാണ്. ഇയാള്‍ കൂലിപ്പണിക്കാരനാണെന്നും രേഖകളിലുണ്ട്. സി.പി.എം. അനുഭാവിയായിരുന്നു. കേസില്‍പ്പെട്ടതോടെ പാര്‍ട്ടിയും കൈവിട്ടു. മുകളില്‍നിന്ന് താഴേക്ക് സമ്മര്‍ദം വന്നതിനാല്‍ വളരെ തിടുക്കത്തിലാണ് ഇയാള്‍ക്കെതിരായ ഉത്തരവുകള്‍ ഇറങ്ങിയത്.

അറിയപ്പെടുന്ന റൗഡി എന്ന് ബോധ്യമായതിനാലാണ് അജയകുമാറിനെ കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവിലുള്ളത്. എന്നാല്‍, ഇത് തെളിയിക്കുംവിധമുള്ള ഒരു കുറ്റവും അജയകുമാറിന്റെ പേരില്‍ ഇല്ലെന്ന് ഉത്തരവിനോടൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. അജയകുമാറിന്റെപേരില്‍ ചുമത്തിയ കേസുകളില്‍ മൂന്നെണ്ണവും പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇതില്‍ രണ്ടുകേസുകളില്‍ പ്രതിക്ക് സ്റ്റേഷന്‍ജാമ്യവും ലഭിച്ചു. കോടതിയില്‍ കേസും നടന്നുവരുന്നു. മൂന്നാമത്തെ കേസിലാകട്ടെ, കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയച്ചു.
പ്രതിക്കെതിരായ മൂന്നുകേസുകളും പള്ളിക്കത്തോട് സ്റ്റേഷനിലാണെങ്കിലും ഒരെണ്ണം കടുത്തുരുത്തി സ്റ്റേഷനിലാണെന്ന് തടങ്കല്‍ ഉത്തരവില്‍ തെറ്റായി ചേര്‍ത്തിട്ടുണ്ട്.

അജയകുമാറിനെതിരെ 'കാപ്പ' ചുമത്തി കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ച് 25നാണ് പോലീസ് മേധാവി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 13 ദിവസത്തിനുള്ളില്‍ ഏപ്രില്‍ 7ന് കരുതല്‍തടങ്കല്‍ ഉത്തരവും പുറപ്പെടുവിച്ചു. ഇത്തരം കേസുകളില്‍ നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നുതെളിഞ്ഞാല്‍പ്പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാവുന്ന പരമാവധിശിക്ഷ ലഘുവാണുതാനും.
എന്നാല്‍, കാപ്പ നിയമത്തിലെ 'റൗഡി' എന്ന നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ് അജയകുമാറിനെതിരെ കേസെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി എം.പി.ദിനേശും ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.

കോട്ടയം ജില്ലയില്‍ നാലുപേര്‍ക്കെതിരെയാണ് കാപ്പ നിയമം ചുമത്തിയത്. കല്ലറ പാറയില്‍ ശ്രീകാന്ത്, അയര്‍ക്കുന്നം വിനീത് സഞ്ജയന്‍, കല്ലറ സ്വദേശി ദിലീപ്കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ശ്രീകാന്തിന്റെയും വിനീത് സഞ്ജയന്റെയും തടങ്കല്‍ അപ്പേലറ്റ് അതോറിറ്റി റദ്ദാക്കി. ദിലീപ് കുമാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

 

 




MathrubhumiMatrimonial