Crime News

കോക്കാച്ചിയുടെ സുഹൃത്ത് ഹൈപ്പര്‍ ബോക്കും പിടിയില്‍

Posted on: 28 May 2015


കൊച്ചി: മരടിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് ലഹരിമരുന്നുകളെത്തിച്ച കേസില്‍ കോക്കാച്ചിക്ക് പിന്നാലെ 'ഹൈപ്പര്‍ ബോക്ക്' എന്നറിയപ്പെടുന്നയാളും പിടിയില്‍. പാര്‍ട്ടിയുടെ സംഘാടകരില്‍ രണ്ടാമത്തെയാളും നേരത്തെ പിടിയിലായ മിഥുന്റെ (കോക്കാച്ചി) സുഹൃത്തും ഡിജെയുമായ ഇടപ്പള്ളി വാടയ്ക്കല്‍ മാഹര്‍ ജമീല്‍ (എല്‍ബിന്‍25) ആണ് പിടിയിലായത്.

അഞ്ച് വര്‍ഷമായി കേരളത്തിലും തമിഴ്‌നാട്ടിലും ഗോവയിലും ഡിജെ പരിപാടി അവതരിപ്പിക്കുന്നയാളാണ് മാഹര്‍ ജമീലെന്ന് പോലീസ് പറഞ്ഞു. സൈക്കോവ്‌സ്‌കി എന്ന പേരില്‍ ലെ മെറിഡിയനില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്ക് സംഗീതജ്ഞന്‍ വാസ്‌ലി മാര്‍ക്കലോവിനെ കൊച്ചിയിലെത്തിച്ചത് ഇയാളായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബെംഗളുരുവില്‍ െവച്ചുള്ള പരിചയം ഫെയ്‌സ് ബുക്കിലൂടെ തുടര്‍ന്നു. ഡിജെ പാര്‍ട്ടിയുടെ ബ്രോഷറില്‍ കോക്കാച്ചിക്കൊപ്പം ഹൈപ്പര്‍ബോക്ക് എന്ന പേരുമുണ്ടായിരുന്നു. ലെ മെറിഡിയനിലെ ഡിജെ പാര്‍ട്ടിയില്‍ മിഥുനുമൊരുമിച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തതിനാണ് അറസ്റ്റ്. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ കണ്ടെടുക്കാനായില്ല.

ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അഡ്വഞ്ചര്‍ വണ്‍ മയക്കുമരുന്നിന്റെ ഗുണഗണങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ൈകയില്‍ നിന്ന് പിടിച്ചെടുത്ത വസ്തു ലഹരി മരുന്നല്ലെന്നും ആയുര്‍വേദ കൂട്ടുകളായിരുന്നുവെന്നും മാഹര്‍ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ഇതോടെ ഒമ്പതു പേര്‍ പിടിയിലായെങ്കിലും റഷ്യക്കാരന്‍ ഉള്‍പ്പെടെ ഏഴുപേരും ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു.

കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മിഥുനെ കോഴിക്കോട്ടും ഗോവയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ജൂണ്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയിലുള്ള മിഥുനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 2005 മുതല്‍ ഗോവ കേന്ദ്രീകരിച്ച് നടന്ന ഡിജെ പാര്‍ട്ടികളിലെ പങ്കാളിത്തമാണ് ഹൈപ്പര്‍ ബോക്കെന്ന മാഹറിനെ മിഥുനുമായി അടുപ്പിച്ചത്. രാഷ്ട്രീയരംഗത്തുള്ളവര്‍, ന്യൂ ജനറേഷന്‍ സിനിമാ നടിമാര്‍, മോഡലുകള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇവരുടെ സൗഹൃദ വലയത്തിലായിട്ടുണ്ട്. ഇവരില്‍ പലരും ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ലഹരി ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മിഥുനും മാഹറും ചോദ്യം ചെയ്യലില്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

മിഥുനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പല പ്രമുഖരെക്കുറിച്ചും സൂചന ലഭിച്ചുവെങ്കിലും ഡിജെ പാര്‍ട്ടിയുമായോ മയക്കുമരുന്ന് വ്യാപാരവുമായോ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസിന് ഇവരെ ചോദ്യം ചെയ്യാനായിട്ടില്ല. ഒരു സിപിഎം നേതാവിന്റെ മകനും ഇവരുടെ സംഘത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial