
ബി.ജെ.പി നേതാവ് കൊച്ചി നഗരത്തില്‍ ദമ്പതികളെ വീട്ടു തടങ്കലിലാക്കി
Posted on: 28 May 2015
റിബിന്‍ രാജു

കൊച്ചി: കൊച്ചി നഗരത്തില്‍ ദമ്പതികളെ ബിജെപി നേതാവ് വീട്ടുതടങ്കലിലാക്കി. അപ്പാര്‍ട്ട്‌മെന്‍റ് നിര്‍മ്മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്ത ബിജെപി ജില്ലാ ട്രഷറര്‍ ഷമ്മി പിഎസാണ് ഇതിന്റെ ഉടമയായ സണ്ണി മാത്യുവിനെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ ഗേറ്റില്‍ ബിജെപിയുടെ കൊടി കുത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയെതുടര്‍ന്ന് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
2011 ലാണ് തൊടുപുഴ സ്വദേശിയായ സണ്ണി മാത്യു ബോള്‍ഗാട്ടി പാലസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്‍റ് വാങ്ങിയത്,ഇത് പുതുക്കിപ്പണിയാനുള്ള കോണ്‍ട്രാക്ട് നല്‍കിയത് ബിജെപി ജില്ലാ ട്രഷററായ ഷമ്മി പി എസിനാണ്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഷമ്മി 13.5 ലക്ഷം രൂപ അധികം വാങ്ങിയെന്ന് സണ്ണിമാത്യു പറയുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിയുമുണ്ടായി. ഇതോടെ ഇവര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇത് പിന്‍വലിപ്പിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഇടപെട്ടു. ചര്‍ച്ചയെ തുടര്‍ന്ന് പരാതി പിന്‍വലിച്ചതിന് തൊട്ട് പിന്നാലെയാണ് ഒരു പറ്റം ബിജെപി പ്രവര്‍ത്തകര്‍ അപ്പാര്‍ട്ട്‌മെന്‍റിലെത്തി സണ്ണിയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ഗേറ്റ് പൂട്ടി കൊടി കുത്തിയത്.
വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടി ഏറ്റെടുത്തതോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാതെ കഴിയുകയാണ് ഈ ദമ്പതികള്‍.
