goodnews head

വേദനകള്‍ക്ക് അവധിനല്‍കി; ആര്‍ദ്രമായി ഈ സ്‌നേഹസംഗമം

Posted on: 27 May 2015



കോട്ടയ്ക്കല്‍: ഇരുണ്ടമുറികളില്‍ തങ്ങിനിന്ന നിശ്വാസങ്ങള്‍ക്കും വേദനകള്‍ക്കും അവധിനല്‍കി അവര്‍ ഒത്തുകൂടി, ചിരിയുടെയും ബഹളങ്ങളുടെയും സാന്ത്വനലോകത്ത്. പാട്ടും കളിയും തമാശയുംനിറഞ്ഞ നിമിഷങ്ങളില്‍ അവരുടെ കണ്ണീരും വിഷമങ്ങളും അലിഞ്ഞുപോയി. കോട്ടയ്ക്കല്‍ നഗരസഭയൊരുക്കിയ പരിരക്ഷാരോഗികളുടെ കൂട്ടായ്മ 'സ്‌നേഹസംഗമ'മാണ് ആര്‍ദ്രമായൊരു ഒത്തുകൂടലായത്.

നഗരസഭയിലെ കിടപ്പിലായ 48പേരുള്‍െപ്പടെ ഇരുനൂറോളം രോഗികളും, അവരുടെ അഞ്ഞൂറിലധികം ബന്ധുക്കളും രോഗികളെ പരിചരിക്കാനായെത്തിയ അഞ്ഞൂറോളം വൊളന്റിയര്‍മാരുംചേര്‍ന്ന സംഗമം പ്രതീക്ഷയുടെയും പുഞ്ചിരിയുടെയും ഒത്തുകൂടലായിരുന്നു.

ഔപചാരികതകള്‍ മാറിനിന്ന പരിപാടിക്ക് തുടക്കംകുറിച്ചത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്. കൂട്ടായ്മയില്‍ പങ്കെടുത്തവരോട് സംവദിക്കാനായി നടന്‍ മാമുക്കോയ എത്തിയതോടെ എല്ലാവര്‍ക്കും ആവേശമായി. പാട്ടുപാടി, അനുഭവങ്ങള്‍ പങ്കുവെച്ച് മാമുക്കോയ രോഗികള്‍ക്കൊപ്പം നിന്നു.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാപഞ്ചായത്ത് അംഗം ഉമ്മര്‍ അറയ്ക്കല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. സുലൈഖാബി, വൈസ് ചെയര്‍മാന്‍ പാറോളി മൂസക്കുട്ടിഹാജി തുടങ്ങിയവര്‍ രോഗികളുടെ കൈപിടിച്ചപ്പോള്‍ അവിടെ സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റുവീശി.
പ്രതിഭാധനരായ കലാകാരന്മാര്‍ക്കും സംഗമത്തിലൂടെ അവസരംനല്‍കി. റിയാലിറ്റിഷോ താരങ്ങളായ വിജേഷ് ചേളാരി, ഫാരിസ ഹുസൈന്‍, ഹസൈന്‍ ചേറൂര്‍, ആദിഷ് കൃഷ്ണന്‍, തുടങ്ങിയവര്‍ വിവിധപരിപാടികള്‍ അവതരിപ്പിച്ചു.

പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 90ശതമാനം ഫണ്ട് പൊതുജനങ്ങളും ബാക്കിതുക നഗരസഭയും സ്വരൂപിച്ചു. നഗരസഭയിലെ ആസ്പത്രികളായ കോട്ടയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം, മിംസ്, അല്‍മാസ്, സഹകരണ ആസ്പത്രി തുടങ്ങിയവയുടെയും മറ്റു സന്നദ്ധസംഘടനകളുടെയും സജീവപങ്കാളിത്തം സ്‌നേഹസംഗമത്തിലുണ്ടായിരുന്നു.

രോഗികള്‍ക്ക് ഓരോ വൊളന്റിയര്‍ എപ്പോഴും പരിചരിക്കാനായി കൂടെയുണ്ടായിരുന്നു. മുന്‍ ജില്ലാ മെഡിക്കല്‍ഓഫീസര്‍ !!ഡോ. മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം വൈദ്യസഹായവുമായി മുഴുവന്‍സമയവും കൂടെനിന്നു.

സംഗമത്തില്‍ പങ്കെടുത്ത എല്ലാരോഗികള്‍ക്കും നഗരസഭ സ്‌നേഹോപഹാരം നല്‍കി.നട്ടെല്ലിന് ക്ഷതമേറ്റ് ദീര്‍ഘകാലമായി കിടപ്പിലായവര്‍ക്കും, ആഴ്ചതോറുമുള്ള ഡയാലിസിസ്‌കൊണ്ട് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നവര്‍ക്കും, മാനസികശാരീരിക വെല്ലുവിളികള്‍കാരണം വീട്ടിലൊതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവര്‍ക്കും വെളിച്ചത്തിലേക്ക്, ഉണര്‍വിലേക്ക് ഒരുയാത്രയായി സ്‌നേഹസംഗമം.

 

 




MathrubhumiMatrimonial