Crime News

പിടികിട്ടാപ്പുള്ളി ലുട്ടാപ്പി അറസ്റ്റില്‍

Posted on: 27 May 2015


തൃശ്ശൂര്‍: കൊലപാതകശ്രമവും ബലാത്സംഗവുമടക്കം മുപ്പതിലധികം കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയെ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. മൂവാറ്റുപുഴ പുല്‍പ്പറമ്പില്‍ വീട്ടില്‍ കുതിരക്കല്ലില്‍ ജിന്‍സണ്‍ എന്ന ലുട്ടാപ്പി(31) ആണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ മാത്രം കൊലപാതക ശ്രമം, കവര്‍ച്ച, മോഷണം, ബലാത്സംഗം എന്നിവയുള്‍പ്പെടെ 15 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ചന്ദനക്കടത്ത്, ബൈക്ക് മോഷണം, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ക്ക് എറണാകുളം നോര്‍ത്ത്, തൊടുപുഴ, കൂത്താട്ടുകുളം , രാമമംഗലം പോലീസ് സ്റ്റേഷനുകളിലും പ്രതിയാണ്.

മുമ്പ് അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയവെ ഗുണ്ടാ സംഘങ്ങളുമായുള്ള പരിചയം ഇടയ്ക്ക് ജയില്‍ മോചിതനായ ഇയാളെ സംഘടിത കുറ്റകൃത്യങ്ങളിലേക്കു നയിച്ചതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ സംഘടിതമായി കവര്‍ച്ച നടത്തിയതിന് അന്തിക്കാട് പോലീസും മുമ്പ് ഇയാളെ പിടികൂടിയിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങി കുറ്റകൃത്യങ്ങള്‍ തുടരവേ 2009-ല്‍ വിയ്യൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഈ കേസിലാണ് പിടികിട്ടാപ്പുള്ളികളെ പിടിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ രൂപവത്കരിച്ച പ്രത്യേക സേന ഇയാളെ പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. വിജയന്‍, സി.പി.ഒ. പ്രദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial