Crime News

രണ്ടാഴ്ചയ്ക്കിടെ രണ്ട് ബംഗാളി യുവാക്കള്‍ മരിച്ചു; ആശങ്കയോടെ നാട്ടുകാര്‍

Posted on: 26 May 2015


ഒരാള്‍ ഗുരുതരാവസ്ഥയില്‍

പകര്‍ച്ചവ്യാധിയെന്ന് സംശയം


ഒല്ലൂര്‍ (തൃശ്ശൂര്‍):
ഇളംതുരുത്തിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന നിര്‍മ്മാണ തൊഴിലാളികളായ രണ്ട് ബംഗാളി യുവാക്കള്‍ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. ഗുരുതരാവസ്ഥയില്‍ മറ്റൊരു യുവാവിനെ മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ സലാം (35), ജാഫര്‍ ഷെയ്ഖ് (23) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുബകര്‍ ഉമ്മര്‍ എന്ന യുവാവാണ് ആസ്പത്രിയില്‍ കഴിയുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് രണ്ട് യുവാക്കളുടെ മരണം സംഭവിച്ചത്.

മൂന്നുപേരെയും സമാനമായ ദേഹാസ്വാസ്ഥ്യങ്ങളോടെയാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയതെന്ന് സമീപവാസികള്‍ പറഞ്ഞു. 21ന് നടത്തറ പൂച്ചട്ടിയിലെ ജോലിസ്ഥലത്ത് വെച്ചാണ് സലാം കുഴഞ്ഞുവീണത്. ആസ്പത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. ഇളംതുരുത്തിയിലെ വാടകവീട്ടില്‍ വെച്ചാണ് ഉമ്മറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്.

ഞായറാഴ്ച വെളുപ്പിന് ഇതേവീട്ടില്‍ വെച്ചാണ് ജാഫര്‍ കുഴഞ്ഞുവീഴുന്നത്. അന്നുരാത്രി തന്നെ ഇയാള്‍ മരിക്കുകയും ചെയ്തു. സലാമിന്റെ മൃതദേഹം നേരത്തെ നാട്ടിലെത്തിച്ചിരുന്നു. ജാഫറിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് പശ്ചിമ ബംഗാളിലേക്കു കൊണ്ടുപോയി. മൃതദേഹങ്ങള്‍ ഒല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തിനുശേഷം ഈ വാടകവീട്ടിലെ മറ്റു ബംഗാളികളെല്ലാം മറ്റിടങ്ങളിലേക്ക് താമസം മാറ്റി. മറ്റ് അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി പോലുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമുള്ള യുവാക്കളുടെ മരണം പരിസരവാസികളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.

പുത്തൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡിലാണ് ബംഗാളികള്‍ താമസിച്ചിരുന്നത്. ഈ പ്രദേശത്ത് പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. പുത്തൂരില്‍ ഈയിടെ വ്യാപകമായി ഡെങ്കിപ്പനി ബാധയുണ്ടായിരുന്നു. ഒല്ലൂരില്‍ 2 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ഉം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി ഇവര്‍ താമസിച്ച വീട് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. പോലീസ് അന്വേഷണവും നടത്തും.

 

 




MathrubhumiMatrimonial