Crime News

നിഷാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: 26 May 2015


തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ചൊവ്വാഴ്ച ജില്ലാകോടതിയില്‍ ഹാജരാക്കും. അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എം. നന്ദനകൃഷ്ണനാണ് കേസ് പരിഗണിക്കുക.

കേസ് ആദ്യമായാണ് ജില്ലാ കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. വധശ്രമമെന്നനിലയില്‍ ആദ്യം കുന്നംകുളം കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. ചികിത്സയിലിരിക്കെ ചന്ദ്രബോസ് മരിച്ചതോടെയാണ് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി ഉദയഭാനു, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി തുടങ്ങിയവരും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകും.

ഏപ്രില്‍ 14നാണ് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നിഷാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്നാണ് കേസ് ജില്ലാ കോടതിയിലേക്കു മാറ്റിയത്. ജനവരി 29ന് പുലര്‍ച്ചെയാണ് വ്യവസായിയായ മുഹമ്മദ് നിഷാം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര വാഹനമായ ഹമ്മര്‍ കൊണ്ടിടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുന്നത്. അമല ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചന്ദ്രബോസ് ഫിബ്രവരി 16ന് മരിച്ചു.

 

 




MathrubhumiMatrimonial