Crime News

വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണം; പ്രധാനകണ്ണി പിടിയില്‍

Posted on: 26 May 2015


പെരിന്തല്‍മണ്ണ: വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി.
മലപ്പുറം പൊന്മള സ്വദേശി പള്ളിയാലില്‍ മൊയ്തീന്‍കുട്ടി(ആര്‍.സി. മൊയ്തീന്‍കുട്ടി-39) യെയാണ് പെരിന്തല്‍മണ്ണ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. ബുക്ക് തുടങ്ങിയവ വ്യാജമായി നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് മൊയ്തീന്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ മറ്റ് പ്രതികളായ മേലാറ്റൂര്‍ സ്വദേശി ലിയാഖത്ത് അലി, പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് മുങ്ങിയ ഇയാളെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. മൊയ്തീന്‍കുട്ടിയുടെ പേരില്‍ നിലമ്പൂര്‍, മലപ്പുറം, പൊന്നാനി, താനൂര്‍, കാടാമ്പുഴ, മേലാറ്റൂര്‍, നല്ലളം, പട്ടാമ്പി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മലപ്പുറം, പൊന്നാനി സ്റ്റേഷനുകളിലെ കേസുകള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ട്രാവല്‍ എജന്‍സികളെ കുറിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഇത്തരം രേഖകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയിലും മറ്റും ചേര്‍ന്നിട്ടുള്ളവരെ നിരീക്ഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. എസ്.ഐ സി.കെ.നാസര്‍, പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥരായ സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, മോഹന്‍ദാസ്, എന്‍.വി.ഷെബീര്‍, കൃഷ്ണകുമാര്‍, അഷ്‌റഫ്, അഭിലാഷ്, വിനോജ്, നസീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

 




MathrubhumiMatrimonial