Crime News

എസ്.ഐ.യെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Posted on: 26 May 2015


തളിപ്പറമ്പ്: മണല്‍മാഫിയാസംഘത്തെ പിടിക്കാന്‍ചെന്ന പരിയാരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. കെ.എം.രാജനെ ആക്രമിച്ച കേസില്‍ രണ്ടുപ്രതികളെ സി.ഐ. കെ.വിനോദ് കുമാര്‍ അറസ്റ്റുചെയ്തു. വായാട്ടെ ടി.കെ.റാഷിദ് എന്ന തേള്‍ റാഷിദ് (22), കക്കോട്ടകത്ത് ഹൗസില്‍ അബ്ദുള്‍ഷുക്കൂര്‍ (19) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റുചെയ്തത്.

പോലീസിന്റെ വിശദീകരണമിങ്ങനെ: വധശ്രമക്കേസില്‍ മുഖ്യപ്രതിയായ ലത്തീഫ് ഉള്‍പ്പെടെ പത്തോളം യുവാക്കളാണുള്ളത്. അറസ്റ്റിലായവരില്‍ റാഷിദിന് എസ്.ഐ.യെ ആക്രമിച്ച സംഭവവുമായി നേരിട്ടു ബന്ധമുണ്ട്.

അബ്ദുള്‍ഷുക്കൂറിന് പൂഴി ചാക്കില്‍ നിറച്ചുകൊടുക്കുന്ന ജോലിയാണ്. ഒരുലോഡ് പൂഴി ചാക്കില്‍ നിറച്ചാല്‍ 1,000 രൂപ പ്രതിഫലം കിട്ടും. നാലുപേര്‍ ചേര്‍ന്നാണ് ലോഡിങ് ജോലി ചെയ്യാറുള്ളത്.

മെയ് 15ന് രാത്രി 11 മണിയോടെ ഒരുലോഡ് പൂഴി നിറച്ച് അബ്ദുള്‍ഷുക്കൂര്‍, സഹജ്, ആരിഫ് എന്നിവരോടൊപ്പം കടവരാന്തയില്‍ കിടന്നുറങ്ങി. കയറ്റിയ പൂഴി നമ്പര്‍പ്ലേറ്റില്ലാത്ത വാഹനത്തിലാണ് കടത്തുന്നത്. മെയ് 16ന് പുലര്‍ച്ചെ രണ്ടാമത്തെ ലോഡ് പൂഴി കയറ്റാനാണ് ഷുക്കൂര്‍ കടവിലെത്തിയത്. മറുനാടന്‍ തൊഴിലാളികളും പൂഴിവാരാനുണ്ടായിരുന്നു. പൂഴി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് എസ്.ഐ. രാജന്‍ സ്ഥലത്തെത്തിയത്. പോലീസ് എന്ന് റാഷിദ് വിളിച്ചുപറഞ്ഞപ്പോള്‍ കടവിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ലത്തീഫ് മിനിലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. രാജനും ലോറിയില്‍ കയറി. പോലീസ് ലോറിയിലുള്ള വിവരം റാഷിദ് ഫോണിലൂടെ മറ്റുള്ളവര്‍ക്ക് കൈമാറി. പിന്നീടെത്തിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു എസ്.ഐ.യെ ആക്രമിച്ചത്.

പ്രധാന പ്രതി ലത്തീഫിനെ അറസ്റ്റ് ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

 




MathrubhumiMatrimonial