
12 കുളങ്ങള്‍ കുത്തി ഒരു പഞ്ചായത്തിന് ജലസമൃദ്ധിയൊരുക്കി വനിതകള്‍
Posted on: 24 May 2015

എരമംഗലം: ഒരുപഞ്ചായത്തിന്റെ മുഴുവന്‍ ദാഹമകറ്റാനായി 35േപര്‍ സ്ത്രീകരുത്തില്‍ 12 കുളങ്ങള്‍ കുത്തി. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലാണ് വനിതകള്‍ ഒന്നരമാസംകൊണ്ട് കുളങ്ങളുണ്ടാക്കി ജലസമൃദ്ധിയൊരുക്കിയത്.
ഇതില്‍ അഞ്ചെണ്ണം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മാറഞ്ചേരിയിലെ തുറുവാണംദ്വീപിലാണ് നിര്‍മിച്ചത്. ഇതോടൊപ്പംതന്നെ പഞ്ചായത്തിലെ ഉപയോഗശൂന്യമായ 17കുളങ്ങളും വിവിധവാര്‍ഡുകളിലെ 12 തോടുകളും ഇവര്‍ നന്നാക്കി. വേനലില്‍ പഞ്ചായത്തിലെ പലയിടങ്ങളിലും കുടിവെള്ളക്ഷാമം ഉണ്ട്. കുളങ്ങള്‍ നിര്‍മിച്ച് പ്രശ്‌നപരിഹാരം തേടിയാലോ എന്ന് പഞ്ചായത്തിലെ എന്‍ജിനീയര്‍ വി.എന്‍. ശ്രീജിത്ത് നിര്‍ദേശം മുന്നോട്ടുവെച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ കുറുവാണംദ്വീപിലാണ് ആദ്യം തുടങ്ങിയത്. ആദ്യത്തേത് വിജയിച്ചതോെട അവിടെത്തന്നെ നാലെണ്ണം കുത്തി. പിന്നീട് നാട്ടുകാര്‍ പദ്ധതിക്ക് പിന്തുണയുമായി വന്നു. കുടിവെള്ളത്തിന്റെ പ്രശ്‌നമല്ലേ എന്നുപറഞ്ഞ് ഒരുപൈസപോലും വാങ്ങാതെ ഒന്നരസെന്റ് ഭൂമിവീതം 12 പേര്‍ വിട്ടുനല്‍കി. ഇതോടെ പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
ഉറപ്പുള്ള പ്രദേശമായതിനാല്‍ ഏറെ പണിപ്പെട്ടാണ് കുളങ്ങള്‍ പൂര്‍ത്തിയാക്കിയത്. നാലായിരത്തോളം തൊഴില്‍ദിനങ്ങള്‍ എടുത്തെങ്കിലും അത് ഒരുനാടിന് മുഴുവന്‍ ഭാവിയിലേക്കു കൂടെയുള്ള വലിയ മുതല്‍ക്കൂട്ടായി മാറി. എട്ടരലക്ഷം രൂപയേ ഇതിനു ചെലവായുള്ളൂ.
15 അടി താഴ്ചയുണ്ട് ഓരോകുളത്തിനും. ഒന്നരസെന്റ് സ്ഥലത്താണ് ഇതു തീര്‍ത്തത് . 11 എണ്ണത്തിന്റെ ജോലി മുഴുവന്‍ പൂര്‍ത്തിയായി. ഒരെണ്ണം അവസാനഘട്ടത്തിലാണ്. വടമുക്കില്‍ മാറാടി പാടത്തിനോടു ചേര്‍ന്ന് ഒരു കുളവും പനന്പനാട്, പുറങ്ങ്, കാഞ്ഞിരമുക്ക് മേഖലകളിലായി ആറു കുളങ്ങളും തീര്‍ത്തു.
ആശങ്കയോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ കുറച്ചുദിവസം പിന്നിട്ടപ്പോള്‍ സ്ത്രീ തൊഴിലാളികള്‍ക്കുണ്ടായ ആത്മവിശ്വാസമാണ് വിജയത്തിലെത്തിച്ചതെന്ന് എന്‍ജിനീയര്‍ ശ്രീജിത്ത് മാതൃഭൂമിയോട് പറഞ്ഞു. ഇത്രയും വിജയകരമായി ഇത് പൂര്‍ത്തീകരിക്കാനാവുമെന്ന് കരുതിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു പറഞ്ഞു. അതുകൊണ്ട് കിണര്‍ നിര്‍മാണംകൂടി സ്ത്രീകളെ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
മാറഞ്ചേരി പഞ്ചായത്ത് ഭരിക്കുന്നത് വനിതകളാണ്. പ്രസിഡന്റും വൈസ്പ്രസിഡന്റും രണ്ട് സ്ഥിരംസമിതി ചെയര്‍പേഴ്‌സണും സ്ത്രീകളാണ്. അതുകൊണ്ട് ഇത് നാടിന് മുഴുവന്‍ മാതൃക മാത്രമല്ല, സ്ത്രീകളുടെ വിജയംകൂടിയായി മാറി.
