
രൂപേഷും ഷൈനയും പോലീസ് കസ്റ്റഡിയില്‍
Posted on: 24 May 2015
പ്രതിഭാഗം അഭിഭാഷകന് കക്ഷികളെ കാണാന്‍ അനുവാദം
കൊച്ചി: റിമാന്‍ഡിലായിരുന്ന മാവോവാദി നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും പോലീസ് കസ്റ്റഡിയിലാക്കി. സംസ്ഥാന ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ 10 ദിവസത്തേക്കാണ് ഇരുവരെയും വിട്ടുകൊടുത്തിരിക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളപ്പോഴും കക്ഷികളെ കാണാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുവാദം നല്‍കി. എറണാകുളത്തെ സി.ബി.ഐ. പ്രത്യേക കോടതിയാണ് റിമാന്‍ഡിലായിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ കൊടുത്തത്. പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് കളമശ്ശേരി എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി.
കനത്ത കാവലില്‍ ശനിയാഴ്ച നാല് മണിക്കാണ് രൂപേഷിനെയും ഷൈനയെയും കോടതിയില്‍ ഹാജരാക്കിയത്. കേരള പോലീസിന്റെ വധഭീഷണിയില്‍ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് രൂപേഷ് പോലീസ് വാഹനത്തില്‍ നിന്നിറങ്ങിയത്. 'പശ്ചിമഘട്ടത്തിലെ സായുധ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല, ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്‍കുക, നക്‌സല്‍ബാരി സിന്ദാബാദ്...' തുടങ്ങിയ മുദ്രാവാക്യങ്ങളും രൂപേഷ് മുഴക്കി.
യു.എ.പി.എ. ചുമത്തിയാണ് ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം രൂപേഷിനെയും ഷൈനയെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ നിയമ വിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ചുമതലയുള്ള ഐ.എസ്.ഐ.ടി. ഡിവൈ.എസ്.പി. എ. ഷാനവാസ് പറഞ്ഞു.
പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന ആന്ധ്രയിലെ നക്‌സല്‍ നേതാക്കളായ മല്ലരാജ റെഡ്ഡി, ഭാര്യ ബീച്ച ജഗണ്ണ എന്നിവര്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയാനും സാക്ഷികളെ കാണിച്ച് പ്രതികളെ തിരിച്ചറിയാനും രൂപേഷിനെയും ഷൈനയെയും 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ഇവര്‍ക്കു നേരെ പോലീസ് വധഭീഷണി മുഴക്കിയെന്നും അതിനാല്‍ കസ്റ്റഡിയിലായാലും അഭിഭാഷകനുമായി സംസാരിക്കാനുള്ള അനുവാദം നല്‍കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചോദ്യം ചെയ്യലിനിടെ പ്രതികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.കെ. സജീവന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ എം.എ. ജോസഫ് മണവാളന്‍, പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം എന്നിവര്‍ ഹാജരായി.
