Ramzan Banner

ഖുര്‍ആന്‍ ചിന്തകള്‍

Posted on: 12 Sep 2009


'തഖ്‌വ'


''അല്ലയോ മര്‍ത്യരേ, നിങ്ങളുടെ വിധാതാവിനോട് തഖ്‌വയുള്ളവരായിരിക്കുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ച് അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍. ആരുടെ പേരിലാണോ നിങ്ങള്‍ പരസ്​പരം ആവശ്യങ്ങളും അവകാശങ്ങളും ചോദിക്കുന്നത് ആ അല്ലാഹുവില്‍ തഖ്‌വയുള്ളവരായിരിക്കുവിന്‍. കുടുംബബന്ധങ്ങള്‍ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുവിന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്'' (ഖുര്‍ആന്‍ 4:1).
ഇസ്‌ലാമിക ദര്‍ശനത്തിലെ രണ്ട് അടിസ്ഥാനാശയം അവതരിപ്പിക്കുകയാണീ ഖുര്‍ആന്‍ സൂക്തം. ഒന്ന് മനുഷ്യന്റെ ഏകാത്മകതയാണ്. ഒരൊറ്റ ആത്മാവില്‍നിന്നുളവാക്കപ്പെട്ടതാണ് ഭൂമിയിലിക്കാണുന്ന മര്‍ത്യരൊക്കെയും. മനുഷ്യന്റെ അടിസ്ഥാന ജീവിത ധര്‍മം 'തഖ്‌വ'യാകുന്നു എന്നതാണ് രണ്ടാമത്തേത്. ഇത്രയേറെ മനുഷ്യരെ സൃഷ്ടിച്ചു പരത്തിയതും ഒപ്പം അവരുടെ സംഘടിത ജീവിതത്തിനും സാമൂഹിക ഘടനക്കും ആധാരമായ കുടുംബ വ്യവസ്ഥ സ്ഥാപിച്ചതും അല്ലാഹുവാണ്. മനുഷ്യര്‍ക്കിടയിലെ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാത്രമായി വര്‍ത്തിക്കുന്നതും അല്ലാഹുവാണ്. അവനെ സാക്ഷിയാക്കിയാണല്ലോ അവര്‍ തമ്മില്‍ അവകാശ ബാധ്യതകള്‍ തേടുന്നതും നേടുന്നതും. അതിനാല്‍ ആ സ്രഷ്ടാവിനോട് 'തഖ്‌വ'യുള്ളവരായിരിക്കാന്‍ കടപ്പെട്ടവരാണവര്‍. തഖ്‌വയെന്നാല്‍ ദൈവഭക്തിയും ആരാധനകളും ദൈവം മനുഷ്യരില്‍ സൃഷ്ടിച്ചുവെച്ച മാനുഷിക ബന്ധങ്ങള്‍ സംരക്ഷിക്കുന്നതും തഖ്‌വയാണ്.
ഇസ്‌ലാമിന്റെ ഭാഷയില്‍ അതിപ്രധാനവും വിപുലവുമായ അര്‍ഥതലങ്ങളുള്ള പദമാണ് 'തഖ്‌വ.' ദൈവഭക്തി, ധര്‍മബോധം, സൂക്ഷ്മത, ദൈവത്തിന്റെ വിധിവിലക്കുകളോടുള്ള വിധേയത്വം എന്നൊക്കെ അത് തര്‍ജമ ചെയ്യപ്പെടാറുണ്ട്. അതൊക്കെ ആ പദത്തിന്റെ അര്‍ഥങ്ങള്‍ തന്നെ. എന്നാല്‍ അതൊന്നും അതിന്റെ പൂര്‍ണമായ അര്‍ഥമാകുന്നില്ലതാനും. ഖുര്‍ആന്‍ ഏറെ ആവര്‍ത്തിച്ചുപയോഗിച്ചിട്ടുള്ളതാണ് 'തഖ്‌വ'യും അതിന്റെ തല്‍ഭവങ്ങളും. വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ ഈ പദപ്രയോഗത്തെ ചേര്‍ത്തു വായിച്ചാല്‍ ദൈവഭക്തിയുടെയും വിദ്യയുടെയും സംസ്‌കാരത്തിന്റെയും എല്ലാ ആശയങ്ങളെയും അത് പ്രതിനിധാനം ചെയ്യുന്നുണ്ടെന്നുകാണാം. പ്രത്യക്ഷത്തില്‍ ദൈവഭക്തരായി കാണപ്പെടുന്നവനെ 'മുത്തഖി' (തഖ്‌വയുള്ളവന്‍) എന്നു പറയാറുണ്ട്. വാസ്തവത്തില്‍ അങ്ങനെ പ്രത്യക്ഷമായ ഒന്നല്ല തഖ്‌വ. ദൈവപ്രീതിക്കായുള്ള ബലിയെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നു: ''ബലിയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. പ്രത്യുത അവനെ പ്രാപിക്കുന്നത് നിങ്ങളിലുള്ള തഖ്‌വയാകുന്നു'' (22:37). പ്രവാചകന്‍ ഒരിക്കല്‍ സ്വന്തം ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ''തഖ്‌വ സ്ഥിതിചെയ്യുന്നത് ഇവിടെയാകുന്നു.'' മനസ്സിന്റെ സംശുദ്ധിയും കര്‍മോത്സാഹവുമാണ് തിരുമേനി ഉദ്ദേശിച്ചതെന്നു വ്യക്തം.
വിശ്വാസത്തിന്റെയും ആരാധനാനുഷ്ഠാനങ്ങളുടെയും ശരീഅത്തിന്റെയുമെല്ലാം ലക്ഷ്യം മനുഷ്യന്‍ 'തഖ്‌വ'യുള്ളവനാവുകയാണ്. വ്രതാനുഷ്ഠാനം കല്‍പിച്ചത് 'നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണ് എന്ന് ഖുര്‍ആന്‍ (2:173) പറയുന്നുണ്ട്. ഹജ്ജ് തീര്‍ഥാടനത്തിനിറങ്ങുന്നവരോട് ഖുര്‍ആന്‍ കല്‍പിച്ചു: ''നിങ്ങള്‍ പാഥേയങ്ങള്‍ കരുതിക്കൊള്ളണം. എന്നാല്‍ ഏറ്റം വിശിഷ്ടമായ പാഥേയം 'തഖ്‌വ'യാകുന്നു (2:197). ഹജ്ജ് യാത്രയിലെ മാത്രം പാഥേയമല്ല തഖ്‌വ; മുഴുവന്‍ ജീവിത യാത്രയുടെയും പാഥേയമാണത്. സര്‍വജ്ഞനും പ്രപഞ്ച വിധാതാവുമായ അല്ലാഹുവിലുള്ള വിശ്വാസത്തിലധിഷ്ഠിതമായ പ്രപഞ്ച വീക്ഷണവും ജീവിത സംസ്‌കാരവുമാണ് 'തഖ്‌വ' എന്ന് മൊത്തത്തില്‍ പറയാം. അതുള്ളവരാണ്
'മുത്തഖികള്‍.'



MathrubhumiMatrimonial