goodnews head

കൃഷിനാശത്തിനിടയില്‍ അച്ഛന് വിളക്കായി മകന്‍

Posted on: 19 May 2015

ഒ.ഡി



ചിത്രം കടപ്പാട്: ഡി.എന്‍.എ


ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. വ്യാപകമായ കൃഷിനാശം ഇവരുടെ ജീവിതം ഇരുട്ടിലാക്കിയിരിക്കുന്നു. ജീവിക്കാനുള്ള വക കിട്ടിയാല്‍ തന്നെ ധാരാളമായ സാഹചര്യത്തില്‍ കര്‍ഷകനായ സ്വാമിനാഥന്റെ കണ്ണില്‍ പ്രകാശമാവുകയാണ് മകന്‍ സാര്‍വേഷ് വര്‍മ. പട്ടണങ്ങളിലെ കുട്ടികള്‍ മാത്രം വലിയ വിജയം കരസ്ഥമാക്കിയ ഇക്കഴിഞ്ഞ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയാണ് ഒരു സാധാരണ കര്‍ഷകന്റെ മകനായ സാര്‍വേഷ് അച്ഛന് വിളക്കാവുന്നത്.

ഈ വര്‍ഷം ഗോതമ്പും അരിയും വിതച്ച് വിളവ് കാത്തിരുന്ന സ്വാമിനാഥന് നിരാശയായിരുന്നു ഫലം. 50 ശതമാനത്തോളം കൃഷിയും നശിച്ചു. ആ നിരാശക്കിടയിലാണ് മകന്റെ വിജയം അദ്ദേഹത്തിന് പ്രതീക്ഷയാവുന്നത്. കൃഷിനാശത്തിനിടയിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ദിവസത്തില്‍ 14 മണിക്കൂറോളം ജോലി ചെയ്യുന്ന അച്ഛന്റെ മുഖമാണ് തനിക്ക് പ്രചോദനമായതെന്ന് സാര്‍വേഷ് പറയുന്നു. അച്ഛന്റെ കിതപ്പും തളര്‍ച്ചയും മാറ്റണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സാര്‍വേഷ് എല്ലാ ദിവസവും പത്തു കിലോമീറ്ററോളം സ്‌ക്കൂളിലേക്ക് സൈക്കിള്‍ ചവിട്ടിയത്. പിന്നെ ദിവസവും രാവിലെയും രാത്രിയുമായി എട്ട് മണിക്കൂര്‍ അധ്വാനിച്ചുള്ള പഠനം. ഇതൊക്കെയായിരുന്നു സാര്‍വേഷിന്റെ വിജയമന്ത്രം.

തന്റെ യാത്ര തുടങ്ങിയിട്ടേയുള്ളുവെന്നും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാവുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ സാര്‍വേഷിന്റെ മുഖത്തുള്ള നിശ്ചയദാര്‍ഢ്യം വായിച്ചെടുക്കാം. രാജ്യത്തെ സേവിക്കുന്നതോടൊപ്പം തന്റെ അച്ഛന് വിശ്രമം നല്‍കുകയെന്നതാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം.

പട്ടണത്തില്‍ നിന്നെത്തുന്ന് സാര്‍വേഷിന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ടാബ്‌ലെറ്റ് ഫോണോ കമ്പ്യൂട്ടറുകളോ ഉണ്ട്. തുച്ഛം വരുമാനം മാത്രം ലഭിക്കുന്ന തനിക്ക് ഇതൊന്നും വാങ്ങാന്‍ സാധിക്കില്ലെന്ന കരുതിയ അവസരത്തിലാണ് സ്‌ക്കൂളില്‍ നടക്കാനിരിക്കുന്ന ക്വിസ് മത്സരത്തെക്കുറിച്ച് സാര്‍വേഷ് അറിയുന്നത്. വിജയിക്ക് സമ്മാനം ടാബ്‌ലെറ്റാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ സാര്‍വേഷ് മത്സരത്തിന് പേരുകൊടുത്തു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ടാബ്‌ലെറ്റും സ്വന്തമാക്കിയാണ് സാര്‍വേഷ് തന്റെ ആഗ്രഹം സഫലീകരിച്ചത്. യു.പി സര്‍ക്കാര്‍ നല്‍കുന്ന പ്രചോദനത്തിനുള്ള പുരസ്‌ക്കാരത്തിന് സാര്‍വേഷിന്റെ പേര് സ്‌ക്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial