goodnews head

ഈ കൈകള്‍ ഇന്ത്യയുടെ കനിവ്; അഫ്ഗാന്‍ സൈനികന് ഇത് രണ്ടാം ജന്മം

Posted on: 17 May 2015



കൊച്ചി: ''ദേശങ്ങള്‍ക്കിപ്പുറത്ത്, തികച്ചും അപരിചിതര്‍ക്കിടയില്‍ നിന്ന് ഈ കനിവ് പ്രതീക്ഷിച്ചില്ല. ഇതെന്റെ രണ്ടാം ജന്മമാണ്'' ഹൃദയത്തില്‍ നിന്നാണ് അബ്ദുല്‍ റഹിമിന്റെ വാക്കുകള്‍. ''നിങ്ങളെല്ലാവരും ഇനി എന്റെ സഹോദരങ്ങളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം. നിരാശയിലായിരുന്നു ജീവിതം. ഇപ്പോള്‍ എല്ലാം പഴയതുപോലെയായി. എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിക്കണം'' പുതിയ കൈകള്‍ ഉയര്‍ത്തി ആവേശത്തോടെയാണ് റഹിം.

കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ മാസം 10നാണ് അഫ്ഗാന്‍ സ്വദേശിയായ അബ്ദുല്‍ റഹിം കൈപ്പത്തി മാറ്റി െവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മസ്തിഷ്‌ക മരണം സംഭവിച്ച ഏലൂര്‍ ഫെറി തൈപ്പറമ്പില്‍ ടി.ജി. ജോസഫിന്റെ കൈകളാണ് അബ്ദുല്‍ റഹിമില്‍ തുന്നിച്ചേര്‍ത്തത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ കൈപ്പത്തി മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ആദ്യ ശസ്ത്രക്രിയയും അമൃതയില്‍ തന്നെയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് അബ്ദുല്‍ റഹിമിന് ഇരു കൈകളും നഷ്ടമായത്. അഫ്ഗാന്‍ സുരക്ഷാ സേനയില്‍ ക്യാപ്ടനാണ്. കുഴിബോംബുകള്‍ കണ്ടെത്തുന്നതിലും പ്രത്യേക റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ അത് നിര്‍വീര്യമാക്കുന്നതിലും വിദഗ്ദ്ധന്‍. കാണ്ടഹാറില്‍ പാക്കിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു അപകടം. അന്ന് 30 കുഴിബോംബുകള്‍ നിര്‍വീര്യമാക്കി. 31ാമത്തെ നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിനു ശേഷം തുടര്‍ ചികിത്സകള്‍ക്കായി ഇറാന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയി. ദാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്തി. ഇതിനിടെയാണ് അമൃത ആസ്പത്രിയില്‍ നടന്ന ശസ്ത്രക്രിയയെക്കുറിച്ച് അറിയുന്നത്. അഞ്ച് മാസം മുന്‍പ് അമൃതയിലെത്തി. അബ്ദുല്‍ റഹിമിന് മുന്‍പ് ഒരാള്‍ കൂടി കൈപ്പത്തി മാറ്റിെവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ പിന്‍മാറിയതോടെ റഹിമിന് നറുക്ക് വീണു. ശസ്ത്രക്രിയ 15 മണിക്കൂര്‍ നീണ്ടു.

അറ്റുപോയ ഭാഗമൊഴിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യമായ പരിക്കുണ്ടായിരുന്നില്ല. ഇത് ശസ്ത്രക്രിയ എളുപ്പമാക്കി. പുതിയ കൈ ഉപയോഗിച്ച് കാര്യങ്ങള്‍ െചയ്യാന്‍ റഹിം പെട്ടെന്ന് പഠിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സുബ്രഹ്മണ്യ അയ്യര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ കൈകള്‍ക്ക് കൂടുതല്‍ അധ്വാനം ആവശ്യമുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഗുണകരം.

കൈക്ക് വഴക്കം േനടാന്‍ വ്യായാമമുണ്ട്. വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം സ്വയമാണ്. ഒരു വര്‍ഷം കൊച്ചിയില്‍ താമസിച്ച് ഇവര്‍ ചികിത്സ തുടരും. ഭാര്യയും മകനും സഹോദരിയും കൂടെയുണ്ട്. നാട്ടില്‍ നിന്നെത്തിയ സുഹൃത്ത് ബെഹ്‌റാമിന്റെ സഹായത്താലാണ് ആസ്പത്രിയിലെ ആശയവിനിമയം. പത്ര സമ്മേളനത്തില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ. സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial