
പ്രായപൂര്‍ത്തിയാവാത്ത ബാലന് പോലീസ് മര്‍ദനമെന്ന് പരാതി
Posted on: 16 May 2015

ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കമ്പംേമട്ട് പോലീസ് മൂങ്കിപ്പള്ളം സ്വദേശികളായ പ്ലാക്കിയില്‍ സിബിച്ചന്‍(22), പ്രായപൂര്‍ത്തിയാവാത്ത തേക്കുകാട്ടില്‍ ജോബിറ്റ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഇവര്‍ പുറത്തിറങ്ങിയതിന് ശേഷം തൂക്കുപാലത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. പിന്നീട് ജോബിറ്റാണ് ബാലവകാശ കമ്മീഷന് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പീരുമേട്ടില്‍ 21ന് നടക്കുന്ന സിറ്റിങ്ങില്‍ പരാതി കേള്‍ക്കും. പരാതിയെ സംബന്ധിച്ച് ജോബിറ്റ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ: ഞായറാഴ്ച സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചതിന് ശേഷം ബൈക്കില്‍ വരുന്ന വഴിയ്ക്ക് വാഹനം തകരാറിലാവുകയും ഇത് പരിഹരിക്കുന്നതിനിടയിലാണ് പോലീസ് എത്തി പിടിച്ചോണ്ടുപോവുകയുമായിരുന്നു.
വാഹനത്തിലേയ്ക്ക് കയറ്റുന്നതിന് മുമ്പുതന്നെ ഇവരെ പോലീസുകാര്‍ അസഭ്യം പറയുകയും ലാത്തികൊണ്ട് മുതുകില്‍ പലതവണ കുത്തുകയും ചെയ്യുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷം എന്ത് േകസ്സിലാണ് ഞങ്ങളെ പിടിച്ചിട്ടിരിക്കുന്നത് എന്ന് ചോദിച്ചതിനാണ് പിന്നീട് മര്‍ദിച്ചത്. രക്ഷകര്‍ത്താക്കള്‍ പോയതിന് ശേഷം മാതാവിനെ പറ്റി അസഭ്യം പറഞ്ഞതില്‍ പ്രകോപിതരായ ഇവര്‍ പോലീസുകാരെ തിരിച്ച് അസഭ്യം വിളിക്കുകയും ചെയ്തു. കാന്താരി മുളക് അരച്ചത് നാഭിയിലും കണ്ണുകളിലും തേയ്ക്കുകയും കുടിപ്പിക്കുകയും ചെയ്തു.
ഈ കാര്യങ്ങള്‍ മെഡിക്കല്‍ എടുക്കാന്‍ പോകുമ്പോള്‍ മെഡിക്കല്‍ ഓഫീസറോട്് പറഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഒന്നര കിലോ കഞ്ചാവ് നിങ്ങളുടെ കൈയില്‍ നിന്നും പിടിച്ചതാണെന്ന് വരുത്തി തീര്‍ക്കുമെന്നും പറയുകയും ചെയ്തു. ദേഹത്തെ മുറിവുകളേക്കുറിച്ചും പാടുകളെ കുറിച്ചും ചോദിച്ച മെഡിക്കല്‍ ഓഫീസറിനോട് ബൈക്ക് മറിഞ്ഞുണ്ടായ മുറിവാണെന്നാണുമാണ് പോലീസ് പറഞ്ഞത്. തിരിച്ചെത്തിയ ഇവര്‍ക്ക് നനഞ്ഞ പുതപ്പ് ഉപയോഗിച്ച് നനഞ്ഞ തറയില്‍ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനിടെ പല തവണ പോലീസ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു.
ഈ കേസിനെ സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ പരസ്പരം തല്ലുകൂടിയ ഇവരെ വാഹനം സഹിതമാണ് പോലീസ് കസ്റ്റടിയില്‍ എടുത്തത്. ഇവര്‍ സ്റ്റേഷനില്‍ എത്തിയതിന് ശേഷം അവിടെ കൂടിയ നാട്ടുകാരുടെ മുമ്പില്‍ വെച്ച് പോലീസുകാരെ അസഭ്യം പറയുകയും ഒരു ഉദ്യോഗസ്ഥനെ മര്‍ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പിടിലായ ഇരുവര്‍ക്കും ഇരുപത് വയസിന് മുകളില്‍ പ്രായമുള്ളതായാണ് രക്ഷകര്‍ത്താക്കള്‍ പറഞ്ഞത്. ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷവും പരസ്പരം അടികൂടുകയും ഇവരെ പോലീസുകാര്‍ പിടിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പോലീസിന് എതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന പരാതി കള്ളമാണെന്ന് കമ്പംമേട്ട് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
