Crime News

മണ്ണാര്‍ക്കാട് കല്ലടികോളേജില്‍ വീണ്ടും റാഗിങ്‌

Posted on: 16 May 2015

വി. വിഷ്ണു



പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയുടെ കര്‍ണപടങ്ങള്‍ പൊട്ടി

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടികോളേജിലെ ഒരുസംഘം വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ കര്‍ണപടങ്ങള്‍ പൊട്ടി കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കുശേഷം പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.കോം. വിദ്യാര്‍ഥി മണ്ണാര്‍ക്കാട് കൈതച്ചിറ മാസപ്പറമ്പിലെ വെള്ളാട്ടുതൊടി വാസുവിന്റെയും ഉഷയുടെയും മകന്‍ വി.വിഷ്ണുവിനാണ് (19) ചെവികള്‍ക്കും ദേഹത്തും സാരമായി പരിക്കേറ്റത്. കല്ലടികോളേജില്‍ പരീക്ഷയെഴുതാനെത്തിയ വിഷ്ണുവിനെ കാമ്പസ്സില്‍ കല്ലടികോളേജിലെ ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് ആക്രമിക്കയായിരുന്നു. വ്യാഴാഴ്ച നാലരയോടെയാണ് സംഭവം. ഫിബ്രവരിയില്‍ ഇതേ കോളേജില്‍നടന്ന റാഗിങ്ങില്‍ ബി.കോം. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരിന്നു.

വിഷ്ണു പരീക്ഷകഴിഞ്ഞ് ഗെയ്റ്റിന് പുറത്തേക്കുവരുമ്പോള്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ കഴുത്തില്‍പ്പിടിച്ചശേഷം ഷര്‍ട്ടിന്റെ കോളര്‍പിടിച്ച് ബട്ടണ്‍സ് അഴിക്കാനും പാട്ടുപാടാനും പറഞ്ഞു. തുടര്‍ന്ന്, സംഘം മുഖത്തടിക്കാന്‍ ശ്രമിച്ചു. മുഖം തിരിച്ചപ്പോള്‍ അടി ഇരുചെവിയിലും കൊള്ളുകയായിരുന്നു. താഴെവീണ തന്നെ നെഞ്ചിലും വയറ്റിലും മുതുകിലും ചവിട്ടിപ്പരിക്കേല്‍പ്പിക്കയായിരുന്നെന്നും വിഷ്ണു പോലീസിനോട് പറഞ്ഞു. കൂട്ടുകാരെത്തിയാണ് വിഷ്ണുവിനെ സ്വകാര്യ ആസ്പത്രിയിലാക്കിയത്.

കര്‍ണപടങ്ങള്‍ പൊട്ടിയതിനാല്‍ കേള്‍വിശക്തിക്കും തകരാര്‍ സംഭവിച്ചതായിട്ടാണ് ഡോക്ടര്‍ പറഞ്ഞതെന്ന് വിഷ്ണുവിന്റെ രക്ഷിതാക്കള്‍ അറിയിച്ചു. എസ്.ഐ. ബഷീര്‍ സി.ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് വിഷ്ണുവില്‍നിന്ന് മൊഴിയെടുത്തു. ബി.കോം., ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ആഷിദ്അലി, സബീബ് മലപ്പുറം, ഷിഫില്‍, മുഹമ്മദ് യാസര്‍, സബിത്ഷാന്‍, മുഹമ്മദ് സമ്മാസ്, അജ്മല്‍ മുബഷീര്‍, സജാദ് കുന്തിപ്പുഴ തുടങ്ങിയവരെ പ്രതിചേര്‍ത്ത് കേസെടുത്തു. വധശ്രമത്തിനും സംഘംചേര്‍ന്നുള്ള ആക്രമണത്തിനും റാഗിങ് നിരോധന നിയമത്തിലെ വകുപ്പ്4 അനുസരിച്ചുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


 

 




MathrubhumiMatrimonial