goodnews head

എം.എല്‍.എ.യുടെ ഫേസ് ബുക്ക് കൂട്ടുകാര്‍ തുണച്ചു; അശ്വതിക്കും ശ്രീക്കുട്ടിക്കും കാരുണ്യപ്രവാഹം

Posted on: 16 May 2015


ആലപ്പുഴ: അശ്വതിക്കും ശ്രീക്കുട്ടിക്കും കൈത്താങ്ങ് നല്‍കി തോമസ് ഐസക് എം.എല്‍.എ.യുടെ ഫേസ് ബുക്ക് കൂട്ടുകാര്‍. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന അശ്വതിയുടെയും ശ്രീക്കുട്ടിയുടെയും വാര്‍ത്ത മാതൃഭൂമി നല്‍കിയിരുന്നു. വാര്‍ത്തയും ചിത്രവും തന്റെ ഫേസ് ബുക്ക് പേജില്‍ അപ്!ലോഡ്‌ചെയ്ത് എം.എല്‍.എ.

ഈ കുട്ടികളെ സഹായിക്കണമെന്ന അഭ്യര്‍ഥനയും നടത്തി. എം.എല്‍.എ.യുടെ പോസ്റ്റ് കണ്ട് ആയിരവും രണ്ടായിരവും രൂപവീതം സഹായവാഗ്ദാനവുമായി ഫേസ് ബുക്ക് കൂട്ടുകാര്‍ ഈ മിടുക്കികളെ തേടിയെത്തി. രണ്ടുദിവസത്തിനകം ഒരുലക്ഷം രൂപയോളം എം.എല്‍.എ.യുടെ കൂട്ടുകാര്‍ നല്‍കിക്കഴിഞ്ഞു.

ദേശീയസംസ്ഥാന പവര്‍ ലിഫ്ടിങ് മത്സരങ്ങളില്‍നിന്നായി നിരവധി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയ അശ്വതിക്കും കൂട്ടുകാരി ശ്രീക്കുട്ടിക്കും ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യാത്രച്ചെലവിന് അഞ്ചുലക്ഷം രൂപയെങ്കിലും വേണം. എന്നാല്‍, കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്ന ശ്രീക്കുട്ടിയുടെ അമ്മ ശ്രീദേവിക്കും മേസ്തരിപ്പണിക്കാരനായ അശ്വതിയുടെ അച്ഛന്‍ ചന്ദ്രബാബുവിനും മക്കളുടെ സ്വപ്നം നിറവേറ്റാനുള്ള സാമ്പത്തികശേഷിയില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ സഹായം തങ്ങളെ തേടിയെത്തുമെന്നാണ് മുഹമ്മ എ.ബി.വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പ്രതീക്ഷ.

 

 




MathrubhumiMatrimonial