
അമ്പലപ്പടിക്കാര്‍ക്ക് ഇനി 'ഒരുമയുടെ കുടിനീര്'
Posted on: 15 May 2015

സര്‍ക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ ഒരു സഹായവുമില്ലാതെ ജീവിതംവഴിമുട്ടിയ 38 കുടുംബങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് കുടിനീര്.
കടുത്തവേനലില്‍ ഒരുതുള്ളി വെള്ളം കിട്ടാതെ കിലോമീറ്ററുകള്‍ നടന്നുവലഞ്ഞ കരിങ്കുന്നം ഒറ്റല്ലൂര്‍ അമ്പലപ്പടി നിവാസികളോട് അധികാരികളാരും കനിവ് കാട്ടിയില്ല. എന്നാല്‍, കുടിനീരിനായുള്ള ഈ നാട്ടുകാരുടെ സങ്കടം വെള്ളരിങ്ങാട്ട് ബാബുവെന്ന കര്‍ഷകന്‍ കണ്ടു. പൊന്നുംവിലയുള്ള ഒരു സെന്റ് സ്ഥലം കിണര്‍കുഴിക്കാന്‍ സൗജന്യമായി നല്‍കി.
കുടവും പാത്രങ്ങളുമായി പഞ്ചായത്തുമെമ്പര്‍ മുതല്‍ മന്ത്രിവരെയുള്ള അധികാരികളുടെ മുന്‍പില്‍ സമരം നടത്തിയിട്ടും ഫലമൊന്നും ലഭിക്കാത്തതിനാലാണ് സ്വന്തമായി കുടിവെള്ള പദ്ധതിയെക്കുറിച്ച് ചിന്തിച്ചത്. താഴ്ന്നസ്ഥലങ്ങളില്‍ കിണര്‍ കുഴിച്ചാല്‍ മാത്രമെ വെള്ളം കിട്ടുകയുള്ളു. എന്നാല്‍, സ്ഥലം വാങ്ങാനുള്ള പണം ഇവര്‍ക്കുണ്ടായിരുന്നില്ല. ബാബുച്ചേട്ടന്‍ സ്ഥലം വിട്ടുതന്നതോടെ കിണര്‍ പണി ആരംഭിച്ചു. 2014 ഡിസംബറിലാണ് പണി തുടങ്ങിയത്.
38 കുടുംബങ്ങളും 22000 രൂപ വീതം പിരിവെടുത്തു. കിണറുകുഴിക്കാന്‍ രണ്ടുപേരെ പുറത്തുനിന്ന് വിളിച്ചു. ബാക്കി മുഴുവന്‍ പണികളും ഇവര്‍തന്നെയാണ് ചെയ്തത്.
കല്ലും മണ്ണും ചുമക്കാന്‍ സ്ത്രീകളും കുട്ടികളുംപോലും മുമ്പിലിറങ്ങി. േമാട്ടോര്‍പുര പണിതതും ഹോസിട്ടതും ഇവര്‍തന്നെ. 35 അടി താഴ്ത്തിയപ്പോഴേക്കും ആവശ്യത്തിനു വെള്ളംകിട്ടി. കിണറ്റില്‍നിന്ന് മോട്ടോര്‍ അടിച്ച് വെള്ളം മലമുകളിലെത്തിച്ചു.
5000 ലിറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ടു ടാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് സ്ഥാപിച്ചു. ഇതില്‍നിന്ന് പൈപ്പിട്ട് ഓരോ വീട്ടിലേക്കും കണക്ഷന്‍ നല്‍കി. തന്റെ തോട്ടത്തിലെ കയ്യാല പൊളിച്ചാണ് ഹോസിടാന്‍ സ്ഥലമുടമ ബാബു സഹായിച്ചത്. കൂടാതെ മോട്ടോര്‍ സ്ഥാപിക്കാന്‍ സ്വന്തംപേരില്‍ വൈദ്യുതി കണക്ഷനും എടുത്തുനല്‍കി. കുടിവെള്ളപദ്ധതിയുടെ ട്രയല്‍റണ്‍ വിജയകരമായി
പൂര്‍ത്തിയാക്കിയതോടെ കമ്മിറ്റി പ്രസിഡന്റ് എം.കെ. മജുവും സെക്രട്ടറി എം.ജെ.സജിയും ഉദ്ഘാടനത്തിന് ജനപ്രതിനിധികളെ വിളിക്കാനുള്ള തിരക്കിലാണ്. ഞായറാഴ്ച നാലിന് മന്ത്രി പി.ജെ.ജോസഫ് പദ്ധതി നാടിന് സമര്‍പ്പിക്കും. ഈ കിണറ്റില്‍ ഊറിവരുന്ന ഓരോ തുള്ളിവെള്ളത്തിനും ഒരുമയുടെ മധുരമുണ്ട്. സമൃദ്ധമായ ഈ കിണര്‍ കൂട്ടായ്മയുടെ പ്രതീകമാണ്.
