
എന്‍ജിനിയറിങ് പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍
Posted on: 12 May 2015

കൊച്ചി: കേരളത്തിനു പുറത്തുള്ള എന്‍ജിനിയറിംഗ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ദമ്പതിമാര്‍ പിടിയില്‍. റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ ജയേഷ് ജെ. കുമാര്‍ (37), ഭാര്യ രാരി ജയേഷ് (27) എന്നിവരെയാണ് സൗത്ത് എസ്.ഐ. വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരുനൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്നായി ഇവര്‍ പത്ത് കോടിയിലേറെ രൂപ തട്ടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ആദിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
സീറ്റ് അന്വേഷിച്ചെത്തുന്ന രക്ഷിതാക്കളില്‍ നിന്ന് രണ്ടും മൂന്നും ലക്ഷം രൂപ വരെ അഡ്വാന്‍സായി വാങ്ങുകയായിരുന്നു പതിവ്. ചില വിദ്യാര്‍ത്ഥികള്‍ക്ക് ഹൈദരാബാദിലെ അംഗീകാരമില്ലാത്ത എന്‍ജിനിയറിംഗ് കോളേജുകളില്‍ പ്രവേശനം കൊടുത്തും ഇവര്‍ തട്ടിപ്പ നടത്തിയതായി പോലീസ് പറഞ്ഞു. അന്വേഷിച്ചു ചെന്ന രക്ഷിതാക്കളെ ഗുണ്ടകളെ വെച്ച് ഭീഷണിപ്പെടുത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചപ്പോള്‍ ദമ്പതിമാര്‍ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നിര്‍ദേശപ്രകാരം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഡ്മിഷന്റെ ആവശ്യത്തിനായി രക്ഷിതാവെന്ന വ്യാജേന പോലീസ് ജയേഷിനെ ബന്ധപ്പെടുകയും പനമ്പിള്ളി നഗറിലെ ഓഫീസിലേക്ക് ആഡംബര കാറിലെത്തിയ ഇരുവരെയും പിടികൂടുകയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
