Crime News

മേനംകുളം കവര്‍ച്ച: ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

Posted on: 12 May 2015


കഴക്കൂട്ടം: മേനംകുളത്ത് 75കാരിയെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുല്‍ഫിഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പി. ഓഫീസിന്റെ കീഴിലുള്ള ആറ്റിങ്ങല്‍, കിളിമാനൂര്‍, കഴക്കൂട്ടം സി.ഐ.മാരും കഴക്കൂട്ടം എസ്.ഐ.യും എസ്.പി. യുടെ ഷാഡോ പോലീസും സംഘത്തിലുണ്ടാവും. കെട്ടിയിട്ട് മോഷണം നടത്തുന്ന രീതി ഈ സ്റ്റേഷന്‍ പരിധിയില്‍ ആദ്യത്തേതാണ്.

ചിറ്റാറ്റുമുക്ക് നക്ഷത്രവില്ലയിലെ 'മിലന്‍ ദേവ് ശാന്തി' യിലാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ കൃത്യം നടത്തിയശേഷം വീട്ടമ്മയായ ശാന്തയെ സോഫയോട് ചേര്‍ന്ന് വരിഞ്ഞ് കെട്ടി വായില്‍ തുണി തിരുകി കടന്നുകളയുകയായിരുന്നു. അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഓര്‍മക്കുറവ് രോഗമുള്ള ഭര്‍ത്താവ് സഹദേവനെ മോഷ്ടാക്കള്‍ ശല്യപ്പെടുത്തിയിരുന്നില്ല. ഈ ദമ്പതിമാരുടെ മക്കള്‍ വിദേശത്താണ്.

വീട്ടമ്മയുടെ ശരീരത്തിലുള്ള ആഭരണങ്ങള്‍ മുഴുവന്‍ ഊരിയെടുത്ത ശേഷം അവര്‍ വിരലിലണിഞ്ഞ കല്ല് വെച്ച മോതിരം തിരികെ കൊടുത്തതും സഹദേവന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാത്തതും അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സാധാരണ മോഷ്ടാക്കള്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തുക പതിവാണ്. എന്നാല്‍ ഈ സംഭവത്തില്‍ കവര്‍ച്ച നടത്തിയ ശേഷം വീട്ടമ്മയെ കെട്ടിയിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

ഇതും പോലീസിനെ കുഴക്കുന്നുണ്ട്. വീട്ടിലെ സാഹചര്യം വ്യക്തമായി അറിയാവുന്ന ആരുടെയോ സഹായത്തോടെയാണ് മോഷണം നടന്നതെന്ന് സംശയമുണ്ടെങ്കിലും പോലീസ് മറ്റ് സാധ്യതകളും തള്ളിക്കളയുന്നില്ല. മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ മുളക് പൊടി വിതറിയതിനാല്‍ പോലീസ് നായയുടെ സഹായം തേടാനായില്ല. ഫിങ്കര്‍ പ്രിന്റ് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ എടുത്തേക്കും.

കോവളത്തെ ധനകാര്യസ്ഥാപനത്തില്‍ നടന്ന കവര്‍ച്ചയ്ക്ക് ശേഷം നഗരത്തില്‍ നടന്ന പ്രധാന മോഷണ സംഭവമാണിത്. ഇതുകൊണ്ട് തന്നെ വളരെ ഗൗരവമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളതെന്ന് പോലീസ് സൂചിപ്പിക്കുന്നു. തിങ്കളാഴ്ച രണ്ട് തവണ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതഗതികള്‍ വിലയിരുത്തി.


 

 




MathrubhumiMatrimonial