
മാലിന്യം പണമാക്കാം
Posted on: 11 May 2015
എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

കുഞ്ഞുമോനും സേവ്യറും. അറവുശാലകളിലെ മാലിന്യം മത്സ്യക്കുളങ്ങളിലെത്തിച്ചും ഇവര്‍ വരുമാനമുണ്ടാക്കുന്നു മാംസാവശിഷ്ടം മത്സ്യക്കുളത്തിലിടുന്നു കുഞ്ഞുമോനും സേവ്യറും
ചേര്‍ത്തലക്കാരായ കുഞ്ഞുമോനും സേവ്യറും ദിവസവും ടണ്‍ കണക്കിന് മാലിന്യമാണ് പണമാക്കിമാറ്റുന്നത്.
ബേക്കറിവ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന കുഞ്ഞുമോനും സേവ്യറും ഏഴുവര്‍ഷംമുമ്പ് മാലിന്യത്തിന്റെ സാമ്പത്തിക സാധ്യത തിരിച്ചറിഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും വിദഗ്ധരോട് അഭിപ്രായമാരായുകയും ചെയ്തു. അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭം ഇന്ന് ഏറെ വിപുലവും ലാഭകരവുമായി മാറി.
ആലപ്പുഴ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവിടത്തെ ഹോട്ടലുകള്‍, പച്ചക്കറിമാര്‍ക്കറ്റുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങള്‍ ദിവസവും ശേഖരിക്കുന്നു. ഇവയില്‍ നല്ലപങ്കും കോഴിയെ കശാപ്പുചെയ്ത ശേഷമുള്ള അവശിഷ്ടമാണ്. 15 ടണ്‍ കോഴിവേസ്റ്റ് ഉള്‍പ്പെടെ 20 ടണ്ണോളം മാലിന്യം ആലപ്പുഴ ജില്ലയില്‍ നിന്നെടുക്കും.
കൂടാതെ തിരുവല്ല, പത്തനംതിട്ട പ്രദേശങ്ങളില്‍നിന്നും മാലിന്യമെടുക്കുന്നുണ്ട്. ഇത് ഹരിപ്പാട്, അമ്പലപ്പുഴ, പുറക്കാട്, കടക്കരപ്പള്ളി എന്നിവിടങ്ങളിലെ ഫാമുകളിലെത്തിക്കും. വലിയകുളങ്ങള്‍ ഓരോ ഫാമിലുമുണ്ട്.
ഒരേക്കര്‍കുളത്തില്‍ കാല്‍ലക്ഷം മലേഷ്യന്‍ വാളക്കുഞ്ഞുങ്ങളെ വളര്‍ത്താം. കോഴിഅവശിഷ്ടമാണ് ഇവയുടെ ഭക്ഷണം. ദിവസവും ഒരു ലക്ഷം മീനിന് ഒരു ടണ്‍ കോഴി അവശിഷ്ടം മതി.
പച്ചക്കറി അവശിഷ്ടവും ഹോട്ടല്‍ അവശിഷ്ടവും ദിവസവും 10 ടണ്ണോളമാണ് ശേഖരിക്കുന്നത്. ഇത് പന്നിഫാം നടത്തുന്നവര്‍ക്കെത്തിക്കുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇത്തരം ധാരാളം ഫാമുകളുണ്ട്. കൂടാതെ സ്വന്തമായി പന്നിവളര്‍ത്തലുമുണ്ട്. ഒരു പന്നിക്ക് ദിവസവും അഞ്ചുകിലോ അവശിഷ്ടം മതി. എട്ടുമാസംകൊണ്ട് ഇവ 100 കിലോഗ്രാം ഭാരമെത്തുന്നു. കിലോയ്ക്ക് 70 രൂപയോളം വില ലഭിക്കും.
മാലിന്യം കൊണ്ടുപോകാന്‍ അറവുശാലകളും ഹോട്ടലുകാരും കുഞ്ഞുമോനും ടോമിക്കും അങ്ങോട്ട് പണംനല്‍കുന്നുവെന്നതാണ് മറ്റൊരു വസ്തുത. വേസ്റ്റ് ഫാമിലെത്തിക്കുന്നതിന് ഇന്ധനയിനത്തിലും തൊഴില്‍ക്കൂലിയായും മാത്രമാണ് ചെലവ്. കഴിഞ്ഞില്ല, ഇവര്‍ പ്‌ളാസ്റ്റിക്കിനെയും പണമാക്കുന്നുണ്ട്. ''വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്കിന്റെ വിലയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല; ഒരു കിലോ മില്‍മാക്കവറിന് 12 രൂപ, മിനറല്‍ വാട്ടര്‍കുപ്പിക്ക് 40 രൂപ, ഒരു കിലോ െപപ്‌സിക്കുപ്പിക്ക് 60 രൂപ എന്നിങ്ങനെ കേരളത്തില്‍ ഇവ വിലനല്‍കി വാങ്ങുന്ന ധാരാളം സംരംഭകരുണ്ട്.
ഇവരെ നമ്മള്‍ ആക്രികളെന്നുവിളിക്കുന്നു, എന്നാല്‍ ഈ ആക്രികള്‍ നല്ല വരുമാനമുണ്ടാക്കുന്നുവെന്നതാണ് സത്യം'' ടോമി പറയുന്നു. മാലിന്യം ശേഖരിക്കുന്നിടത്തൊക്കെ പ്രത്യേകം കാനുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ഇവയില്‍ മാംസാവശിഷ്ടവും പച്ചക്കറി അവശിഷ്ടവും പ്‌ളാസ്റ്റിക്കുമൊക്കെ പ്രത്യേകം പ്രത്യേകമിടുന്നു.
15 ടണ്ണോളം പ്‌ളാസ്റ്റിക്കാണ് ഇവര്‍ ഓരോ ദിവസവും ശേഖരിച്ച് പുനരുപയോഗം ചെയ്യുന്ന സംരംഭകര്‍ക്ക് എത്തിക്കുന്നത്, ശരാശരി അഞ്ച് ലക്ഷത്തോളം രൂപയുടെ മുതല്‍.
ആലപ്പുഴ മുനിസിപ്പാലിറ്റിയുമായി മാലിന്യശേഖരണത്തിന് ഈ ഇരുവര്‍സംഘം ധാരണയിലെത്തിയിട്ടുണ്ട്. മറ്റിടങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാന്‍ ഇവര്‍ തത്പരരുമാണ്. (കുഞ്ഞുമോന്‍ ഫോണ്‍: 9387095287)
