Crime News

മധു ഈച്ചരത്ത് വധക്കേസിലെ മുഴുവന്‍ പ്രതികളും കുറ്റക്കാര്‍; ശിക്ഷ ഇന്ന്‌

Posted on: 08 May 2015


തൃശ്ശൂര്‍: കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

അയ്യന്തോള്‍ കൊള്ളന്നൂര്‍ പ്രേം (പ്രേംജി കൊള്ളന്നൂര്‍-29), അടാട്ട് പ്ലാക്കല്‍ മാര്‍ട്ടിന്‍ (31), ചാവക്കാട് മങ്ങാട്ട് ഷിനോജ് (28), അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍ (30), അടാട്ട് കോടിയില്‍ പ്രജിത് (30), അയ്യന്തോള്‍ പുത്തന്‍വീട് സുരേഷ്(31), അടാട്ട് മഞ്ഞക്കാട്ടില്‍ സനൂപ് (28) എന്നിവരാണ് പ്രതികള്‍.

തൃശ്ശൂര്‍ നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു. ഏഴാംപ്രതി സനൂപ് ഒഴികെയുള്ളവര്‍ രണ്ടുവര്‍ഷമായി വിചാരണത്തടവുകാരായി ജയിലില്‍ കഴിയുകയായിരുന്നു.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിയ അയ്യന്തോള്‍ ഈച്ചരത്ത് മധുവിനെ ഭാര്യയുടെ മുന്നില്‍വച്ച് ഒട്ടോറിക്ഷ ഇടിപ്പിച്ച് വീഴ്ത്തിയശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ജൂണ്‍ ഒന്നിന് രാവിലെ 9.30ന് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു മുന്‍വശത്തെ റോഡിലാണ് സംഭവം. ഒന്നാംപ്രതി പ്രേമിന് മധുവിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ഇരുവരും തമ്മില്‍ മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈരാഗ്യം ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു പ്രേംജി.

കെ.എസ്.എഫ്.ഇ. ജീവനക്കാരിയായ ഭാര്യ ജ്യോതിയോടൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു മധു. ഒട്ടോയില്‍വന്ന നാലംഗ സംഘം ക്ഷേത്രത്തിനു മുന്നിലെ കല്‍വിളക്കിനു സമീപത്തുവച്ച് കഴുത്തിനും തലയ്ക്കും വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടുകയും ഓട്ടോ അടാട്ട് കോള്‍പ്പടവിലെ ബണ്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു.

കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്.
കാര്‍ത്യായനി ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റുകൂടിയായിരുന്ന മധു പതിവായി അമ്പലത്തിലെത്തുന്ന സമയം നോക്കി കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി. ഇതു തെളിയിക്കാനായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോണ്‍വിളികളുടെ രേഖകള്‍ പ്രധാന തെളിവായി. മൂന്ന് സ്വകാര്യ ഫോണ്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിച്ചിരുന്നു. ദൃക്‌സാക്ഷിയായിരുന്ന ഭാര്യ ജ്യോതിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 30 സാക്ഷികളെ വിസ്തരിച്ചു. 96 രേഖകള്‍ ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി. സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി. പ്രകാശ്, തൃശ്ശൂര്‍ വെസ്റ്റ് സി.ഐ. എ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

 

 




MathrubhumiMatrimonial