
സേവനപ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാരംഭിക്കണമെന്ന് അമല പോള്‍
Posted on: 07 May 2015

ആലുവ: സേവന പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് തെന്നിന്ത്യന്‍ ചലച്ചിത്രതാരം അമല പോള്‍ പറഞ്ഞു. വീട്ടിലെ മുതിര്‍ന്നവരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റില്‍ 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് ലഭിച്ച സമ്മാനത്തുക ആലുവ ജില്ലാ ആസ്പത്രിയിലെ ഹീമോഫീലിയ രോഗികള്‍ക്കും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമല പോള്‍.
കനിവ് തേടുന്നവര്‍ക്ക് പണം മാത്രമല്ല ആവശ്യം. സഹാനുഭൂതിയ്‌ക്കൊപ്പം സഹായിക്കാന്‍ മനസുള്ളവരുടെ സാമിപ്യവും അവരെ പുതുജീവിതത്തിലേയ്ക്ക കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സികളെ ഏല്‍പ്പിക്കാതെ ആവശ്യക്കാരെ സ്വയം കണ്ടെത്തി നേരിട്ട് സഹായിക്കുവാനാണ് താന്‍ ശ്രമിക്കുന്നത് അപ്പോഴാണ് തന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണത കൈവരുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ 2.75 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു. വീല്‍ ചെയറുകളും, ഭക്ഷ്യ വസ്തുക്കളുടെ കിറ്റും വിതരണം ചെയ്തു. അച്ഛന്‍ മരിച്ചു പോവുകയും, അമ്മ മറ്റൊരാളുടെയൊപ്പം താമസം ആരംഭിക്കുകയും ചെയ്തതോടെ അനാഥരായ ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികളുടെ സംരക്ഷണം അമല പോള്‍ ഏറ്റെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, വൈസ് ചെയര്‍പേഴ്‌സണ്‍ ലിസ്സി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എം.പി. സൈമണ്‍, സി. ഓമന, കൗണ്‍സിലര്‍ പി.ടി. പ്രഭാകരന്‍, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, ഹീമോഫീലിയ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍. വിജയകുമാര്‍, ടി. കൃഷ്ണന്‍കുട്ടി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക സിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
