Crime News

വയനാട്ടില്‍ ശേഷിക്കുന്നവരെ തേടി ദൗത്യസേന

Posted on: 06 May 2015


രൂപേഷിനെതിരെ 13 കേസുകള്‍


വെള്ളമുണ്ട:
മാവോവാദികളുടെ കേരളഘടകം നേതാവ് രൂപേഷിനെതിരെ വയനാട്ടില്‍ 13 കേസുകള്‍. വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ആറു കേസുകളാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുനെല്ലിയില്‍ മൂന്ന്, തലപ്പുഴയില്‍ ഒന്ന്, പടിഞ്ഞാറത്തറയില്‍ ഒന്ന് മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്ന് എന്നിങ്ങനെയാണ് കേസുള്ളത്. രാജ്യദ്രോഹം വളര്‍ത്തുന്ന ലഘുലേഖ വിതരണം റിസോര്‍ട്ട് ആക്രമണം, പോലീസുകാരന്റെ വീട്ടില്‍ കയറിയുള്ള ആക്രമണം, ആദിവാസി കോളനിയില്‍ കയറിയുള്ള തീവ്രവാദ പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രൂപേഷ് പിടിയിലായെങ്കിലും കുഞ്ഞോം വനത്തില്‍ ഇവരുടെ സംഘാംഗങ്ങള്‍ ഉണ്ടെന്നു തന്നെയാണ് ദൗത്യസേനയുടെ നിഗമനം.
മാവോവാദികള്‍ക്കായി കര്‍ണാടകയിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങി പരിശോധനകള്‍ ശക്തമാക്കി. വയനാട് അതിര്‍ത്തിയിലെ കുട്ട അങ്ങാടിയിലും പരിസരത്തുമാണ് ഒന്നേകാല്‍ കോടി രൂപ ഇനാം പ്രഖ്യാപിച്ച് മാവോവാദികളെ പോലീസ് തിരയുന്നത്. സി.പി.ഐ. മാവോവാദി സെന്‍ട്രല്‍ കമ്മിറ്റിയംഗം ബാഗ്ലൂര്‍ സ്വദേശി കുപ്പുദേവരാജിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.

ഇയാള്‍ക്കൊപ്പം രമേഷ്, രായണ്ണ, ബാലാജി, ജോഗേഷ്, യോഗേഷ്, മൂര്‍ത്തി എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസും വ്യാപകമായി പതിച്ചിട്ടുണ്ട്. വയനാട് അതിര്‍ത്തി പങ്കിടുന്ന കേരള, കര്‍ണാടക, തമിഴ്‌നാട് വനത്തില്‍ ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കര്‍ണാടക ദൗത്യ സേന. കുപ്പുദേവരാജിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ 60 ലക്ഷവും ഛത്തീസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷവും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 12 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. .

 

 




MathrubhumiMatrimonial