
പ്രായപൂര്‍ത്തിയാകാത്ത മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവസൈനികന്‍ അറസ്റ്റില്‍
Posted on: 05 May 2015
അറസ്റ്റിലായത് വിവാഹപ്പിറ്റേന്ന്
കാഞ്ഞങ്ങാട്: മുംബൈയില്‍നിന്നെത്തിയ പ്രായപൂര്‍ത്തിയാകാത്ത മലയാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവസൈനികന്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ നടക്കാവിലെ അഖില്‍കുമാറി(27)നെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ അറസ്റ്റുചെയ്തത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഖില്‍കുമാര്‍ അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയുടെ ചുമതലയുള്ള കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞദിവസം പൊന്നാനി പോലീസാണ് പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കേസെടുത്തത്. പീഡനം നടന്നത് കാഞ്ഞങ്ങാട്ട് വച്ചാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്ക് കാഞ്ഞങ്ങാട്ടെ അമ്മയുടെ വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടി തീവണ്ടിയില്‍വച്ചാണ് അഖിലുമായി പരിചയപ്പെട്ടത്. കഴിഞ്ഞമാസം എട്ടിനാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടും അഖില്‍ പയ്യന്നൂരിലും ഇറങ്ങി. പിന്നീട് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടു. ഇക്കഴിഞ്ഞ 28-ന് അഖില്‍ പെണ്‍കുട്ടിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിലെത്തി. വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രമാണുണ്ടായിരുന്നത്. കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടി പൊന്നാനിയിലെ ബന്ധുവീട്ടിലെത്തി. ആ വീട്ടുകാരോട് സംഭവം പറയുകയും അവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊന്നാനി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
