goodnews head

അനാഥരായ പെണ്‍കുരുന്നുകള്‍ക്ക് അമലാ പോളിന്റെ സംരക്ഷണം

Posted on: 05 May 2015


ആലുവ: അനാഥകളായ മൂന്ന് കുരുന്ന് പെണ്‍കുട്ടികളെ തെന്നിന്ത്യന്‍ സിനിമാ താരം അമലാപോള്‍ ദത്തെടുക്കുന്നു. ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികള്‍ക്കാണ് താരത്തിന്റെ സംരക്ഷണം ലഭിക്കുക.

ആലുവ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ഇവരുടെ തുടര്‍ന്നങ്ങോട്ടുള്ള മുഴുവന്‍ ചെലവും താരം വഹിക്കും. കുട്ടികളുടെ മാതാവ് ഒരു വര്‍ഷം മുമ്പ് അകന്ന ബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടി. എന്നിട്ടും മനസ് തളരാതെ ചങ്കുറപ്പോടെ മക്കളെ സംരക്ഷിച്ച പിതാവിനെ മരണവും തട്ടിയെടുത്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഗിരീഷ് വാര്‍ക്ക മുകളില്‍ നിന്നും തലയടിച്ച് വീണാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ഗിരീഷിനെ മെഡിക്കല്‍ സംഘത്തിനും രക്ഷിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം തിരുവോണ നാളില്‍ ഗിരീഷ് മരണത്തിന് കീഴടങ്ങി. ഇതോടെ അനാഥകളായി മാറിയ കുട്ടികളെ പ്രായമായ മുത്തശ്ശി ഓമന കൂലിവേലയെടുത്താണ് സംരക്ഷിച്ചത്. ആലുവയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക എ.ടി. സിനിമോള്‍ കുട്ടികളുടെ ഈ ദുരവസ്ഥ അമലാ പോളിനെ അറിയിക്കുകയായിരുന്നു.

പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഗുഡ്വില്‍ അംബസഡറായ അമലാപോള്‍ നേരത്തെയും ആലുവ മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത അമലാപോളിന് ലഭിച്ച സമ്മാനത്തുക ബുധനാഴ്ച ആലുവ ജില്ലാ ആസ്പത്രിയിലെ ഹീമോഫീലിയ രോഗികള്‍ക്കും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറും. ഈ ചടങ്ങില്‍ വെച്ച് കുട്ടികളെ ദത്തെടുക്കുന്ന വിവരം പ്രഖ്യാപിക്കും. 2.25 ലക്ഷം രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, പി.ടി. പ്രഭാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

 




MathrubhumiMatrimonial