Crime News

നെടുമ്പാശ്ശേരി പെണ്‍വാണിഭം: പ്രതികള്‍ റിമാന്‍ഡില്‍

Posted on: 04 May 2015



അത്താണി: നെടുമ്പാശ്ശേരി പെണ്‍വാണിഭക്കേസില്‍ പിടിയിലായ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം കുട്ടിക്കല്‍ വിളനിലം നെല്ലിക്കമണ്ണില്‍ മനിഷ് (30), കാസര്‍കോട് നീലിശ്വരം പെരിയില്‍ രാഹുല്‍ ഗോപാല്‍ (26), കളമശ്ശേരി മനയില്‍ ജെസിഫ് യൂസഫ് (21) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഘത്തിലെ കാഞ്ഞിരപ്പള്ളി എടത്തുകുന്നേല്‍ അനസിനെ (36) പിടികൂടാനുണ്ട്.

ഇതില്‍ മനിഷ് 2006-ലെ മൂവാറ്റുപുഴ പീഡനക്കേസിലും 2010-ലെ പറവൂര്‍ പീഡനക്കേസിലെ 82-ാം പ്രതിയുമാണ്. മൂവാറ്റുപുഴ, പറവൂര്‍ കേസുകളില്‍ ജാമ്യം ലഭിച്ച മനിഷ് ബാംഗ്ലൂരും തമിഴ്‌നാട്ടിലും പെണ്‍വാണിഭ േകന്ദ്രങ്ങള്‍ നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മനിഷിനെ കസ്റ്റഡിയില്‍ വാങ്ങണമെന്ന് നെടുമ്പാശ്ശേരി സി.ഐ. അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തെ മൂഴിയാലിലുള്ള അപ്പാര്‍ട്ടുമെന്റില്‍ 10 മുറികള്‍ വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയെന്ന കേസിലും സംഘത്തെ ശനിയാഴ്ചയാണ് പോലീസിന് പിടികൂടിയത്. രണ്ട് യുവതികളേയും പിടിച്ചു.

'മാര്‍വല്‍ ഹോളിഡെയ്‌സ്' എന്ന പേരില്‍ ഇക്കഴിഞ്ഞ 16നാണ് പെണ്‍വാണിഭ ബിസിനസ് തുടങ്ങിയത്. അനസും മനിഷുമായിരുന്നു നടത്തിപ്പുകാര്‍. രാഹുല്‍ സ്ഥാപനത്തിന്റെ റിസപ്ഷനിസ്റ്റും ജെസിഫ് ഇടപാടുകാരനുമായിരുന്നു.

വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ഇടപാടുകാരും ഇന്റര്‍നെറ്റിലെ യാത്രാ സുഹൃത്തുക്കളെ തേടുന്ന സൈറ്റ് വഴിയുമാണ് സംഘം ബിസിനസ് നടത്തിയത്. ഇവര്‍ ഇടപാടുകാരില്‍നിന്ന് വന്‍ തുക ഈടാക്കിയിരുന്നു.പിടികൂടിയ യുവതികള്‍ ബാംഗ്ലൂര്‍, പോണ്ടിച്ചേരി സ്വദേശനികളാണ്.

ഡിവൈ.എസ്.പി പി.പി. ഷംസ്, എ.എസ്.പി മെറിന്‍ ജോസഫ്, സി.ഐ എം.കെ. മുരളി, എസ്.ഐ മുഹമ്മദ് ബഷിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.

 

 




MathrubhumiMatrimonial