Crime News

യുവാവിനെ രാത്രി ഗുണ്ടാസംഘം ആക്രമിച്ചു

Posted on: 03 May 2015


ശൂരനാട്: സ്വകാര്യ പാല്‍വിതരണ കമ്പനിയില്‍നിന്ന് ജോലികഴിഞ്ഞ് രാത്രി മടങ്ങിയ യുവാവിനെ ഒരു സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി.

വടക്കന്‍ മൈനാഗപ്പള്ളി രഞ്ജിത്ത് ഭവനില്‍ രഞ്ജിത്തിനെ(26)യാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ കുമരഞ്ചിറ-സോമവിലാസം റൂട്ടില്‍ കാളകുത്തുംപൊയ്ക ജങ്ഷനില്‍വച്ച് ആക്രമിച്ചത്. പതുങ്ങിനിന്ന അക്രമികള്‍ രഞ്ജിത്തിന്റെ സ്‌കൂട്ടറിനുമുന്നില്‍ ചാടിവീഴുകയായിരുന്നു. വാഹനം നിര്‍ത്തിയപ്പോള്‍ മര്‍ദിക്കുകയും വാള്‍കൊണ്ട് തുടയില്‍ വെട്ടുകയും ചെയ്തു. ഈ വെട്ട് പാന്റിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിലാണ് കൊണ്ടത്. 42,000 രൂപ വിലവരുന്ന ഫോണ്‍ തകര്‍ന്നു. പിന്നീട് കഴുത്തിനുനേരെ രണ്ടുതവണയും പുറത്തും വെട്ടാന്‍ വാളോങ്ങി. വാള്‍ കൈകൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. അപ്പോഴേക്കും രഞ്ജിത്തിന്റെ നിലവിളിയും മറ്റുള്ളവരുടെ ഒച്ചയും കേട്ട് സമീപവാസികള്‍ എഴുന്നേറ്റു വന്നു. ഇതോടെ അക്രമികള്‍ സ്ഥലം വിട്ടു. ഇടത് കൈപ്പത്തിക്ക് താഴെയും കൈമുട്ടിന് മുകളിലും വലത് കൈയുെട കൈപ്പത്തിക്ക് മുകളിലെ കൈക്കുഴയ്ക്കും വെട്ടേറ്റു.

വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രഞ്ജിത്തിന്റെ മുറിഞ്ഞുമാറിയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്തു. ആറ് മാസത്തെ വിശ്രമത്തിനുശേഷമേ കൈയുടെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് തിരിച്ചറിയാനാവൂ. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മൂന്നുമാസം മുമ്പ് രഞ്ജിത്തിന്റെ സമീപവാസിയായ ഒരു പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് കാമുകന്റെ വീട്ടില്‍പ്പോയി മടങ്ങിവന്നവരോട് അയാളുടെ ബന്ധു കരുനാഗപ്പള്ളി കോഴിക്കോട്ട് താമസമുണ്ടെന്നും അവിടെ അന്വേഷിക്കാനും പറഞ്ഞിരുന്നു. ബന്ധുവെന്ന് പേര് പറഞ്ഞ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയത്. ഈ പേര് പരാമര്‍ശിച്ചതാണ് അക്രമണത്തിന് കാരണം. കോഴിക്കോട് ചവറ സ്വദേശികളായ രണ്ടു പേര്‍ക്കെതിരെയും സമീപവാസികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കെതിരെയും പരാതി നല്‍കി.

വധശ്രമത്തിനും യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവന്‍ മാല നഷ്ടപ്പെട്ട സംഭവത്തിലും പോലീസ് കേസെടുത്തു.
എന്നാല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. മേല്‍വിലാസം വരെ നല്‍കിയിട്ടും ഇവരെ തിരക്കിയിട്ടുപോലുമില്ല. രഞ്ജിത്തിന്റെ കുടുംബം ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കാനിരിക്കയാണ്.

 

 




MathrubhumiMatrimonial