goodnews head

എണ്‍പത് മണിക്കൂറില്‍ മരണത്തെ തോല്‍പ്പിച്ച് റിഷി ഖനാല്‍

Posted on: 29 Apr 2015



കാഠ്മണ്ഡു: തകര്‍ക്കാം പക്ഷെ ജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തെ മരണത്തിന് പോലും തോല്‍പ്പിക്കാനാവില്ലെന്നാണ് നേപ്പാള്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സുനിതാ സിത്തൗളയുടെയും റിഷി ഖനാലിന്റെയും ചെറുത്തുനില്‍പ്പ് തെളിയിക്കുന്നത്.

നേപ്പാളിലുണ്ടായ ഭൂചലനം ഇവരുടെ സര്‍വവും കവര്‍ന്നെടുത്തിട്ടുണ്ടാവും പക്ഷെ ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ തോല്‍പ്പിക്കാന്‍ ഭൂകമ്പത്തിനായില്ല. കാഠ്മണ്ഡുവിലെ ഒരു തകര്‍ന്ന കെട്ടിടത്തിനിടയില്‍ നിന്ന് റിഷി ഖനാലിനെ പുറത്തെടുക്കുമ്പോള്‍ ഒപ്പം ലഭിച്ചത് മൂന്ന് മൃതദേഹങ്ങളാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നിട്ട് അപ്പോള്‍ 80 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് ഖനാല്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പിടിച്ചു നിന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ റിഷിയുടെ ജീവന്‍ നഷ്ടമാവാതിരുന്നത് അദ്ദേഹത്തിന്റെ നശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണെന്ന്് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ഭൂകമ്പമുണ്ടാവുമ്പോള്‍ ഏഴു നിലയുള്ള വലിയ കെട്ടിടത്തിലെ രണ്ടാം നിലയിലെ മുറിയിലായിരുന്ന ഖനാലും കൂട്ടുകാരും. താഴത്തെ നിലയിലായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ ഒരുപാട് സമയം വേണ്ടി വന്നു. ഇനിയാരും ജീവിച്ചിരിക്കുന്നുണ്ടാവില്ലെന്ന് കരുതിയ അവര്‍ക്ക് അത്ഭുതമായാണ് റിഷിയുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിലവിളിയെത്തിയത്. അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ പിന്നെയും അഞ്ച് മണിക്കുറുകള്‍ വേണ്ടി വന്നു. ആസ്പത്രിയിലെത്തിക്കുമ്പോള്‍ അവശനെങ്കിലും സംസാരിക്കാനുള്ള ശേഷി അദ്ദേഹത്തിന് നഷ്ടമായിരുന്നില്ല.

50 മണിക്കൂറുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിച്ചുകൂട്ടിയ സുനിത സിത്തൗളയുടെ അത്ഭുതകരമായ രക്ഷപ്പെടലും ദുരന്തനിവാരണ സേനയെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മഹാരാജ് ഗഞ്ചിലെ തകര്‍ന്ന അഞ്ചുനില കെട്ടിടത്തിനടിയില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള ദുരന്തനിവാരണ സേന ഇവരെ കണ്ടെത്തുന്നത്. ഭൂകമ്പത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട അവരുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും സുനിതയുടെ രക്ഷപ്പെടല്‍ നല്‍കിയ ആശ്വാസം ചെറുതല്ല. സുനിത തിരിച്ചുവരുമെന്ന് അവര്‍ കരുതിയതേ ഉണ്ടായിരിക്കില്ല. രണ്ട് സ്ലാബുകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറിയ ഇടത്തിലാണ് സുനിത 50 മണിക്കൂറുകളത്രയും തള്ളിനീക്കിയത്. ഇതുപോലെ നൂറുകണക്കിന് പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങികിടക്കുന്നുണ്ടാവാം എന്ന അനുമാനത്തില്‍ കര്‍മനിരതരാണ് ഇന്ത്യയില്‍ നിന്നും നേപ്പാളിലെത്തിയ 45 അംഗങ്ങളുള്ള ദുരന്ത നിവാരണസേന.

 

 




MathrubhumiMatrimonial