Crime News

തീരവേട്ട; കടലില്‍ 'ഭീകരന്‍' പോലീസ് പിടിയില്‍

Posted on: 29 Apr 2015


കൊല്ലം: കേരളത്തില്‍ തീവ്രവാദി ആക്രമണം ലക്ഷ്യമിട്ട് കടലിലൂടെ എത്തിയ 'ഭീകര'നെ പിടികൂടി.

കപ്പലില്‍നിന്ന് വള്ളത്തിലൂടെ എത്തിയ ഭീകരനെ ചവറ കെ.എം.എം.എല്ലിന് തെക്കുപടിഞ്ഞാറ് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവച്ച് തീരദേശ പോലീസാണ് കുടുക്കിയത്. അടിയന്തരഘട്ടത്തില്‍ സുരക്ഷാസംവിധാനം എത്രത്തോളം ശക്തമായതാകും എന്ന് പരിശോധിക്കാന്‍ നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗമായി നടത്തിയപരിശോധനയിലാണ് രാവിലെ എട്ടേകാലിന് ഭീകരന്‍ വലയിലായത്. കടല്‍മാര്‍ഗം ഭീകരര്‍ എത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു തീരവേട്ട എന്ന് പേരിട്ട മോക് ഡ്രില്‍.

കൊച്ചി നേവിയിലെ ഹവില്‍ദാര്‍ സോമവീര്‍ സിങ്ങാണ് ഭീകരനായി വന്നത്. നേവിയുടെ ഐ.എന്‍.എസ്. വെണ്‍തുരുത്തി എന്ന കപ്പലില്‍ ഉള്‍ക്കടലില്‍ വന്ന ഇയാള്‍ പൂക്കാലം എന്ന മത്സ്യബന്ധന ബോട്ടിലാണ് കരയിലേക്ക് നീങ്ങിയത്. സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരപ്രകാരം തീരദേശ പോലീസിന്റെ ദര്‍ശന ബോട്ടില്‍ കടലില്‍ എത്തിയ സി.ഐ. രാമചന്ദ്രന്‍, എസ്.ഐ. കെ.പി.രാധാകൃഷ്ണന്‍, സി.പി.ഒ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സോമവീര്‍ സിങ്ങിനെ പിടികൂടുകയായിരുന്നു. ഇവര്‍ കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് വിവരം കിട്ടുന്നത്. കെ.എം.എം.എല്‍., ഐ.ആര്‍.ഇ., ജില്ലാ ആസ്പത്രി ഇവയില്‍ എവിടെയെങ്കിലും കയറാനായിരുന്നു ഭീകരന്റെ ലക്ഷ്യം.

തീരദേശ പോലീസിന് പുറമെ, കോസ്റ്റ്ഗാര്‍ഡ്, നേവി, വ്യവസായസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തുന്ന പരിശോധന ബുധനാഴ്ച വൈകിട്ടുവരെ തുടരും. അഴീക്കലില്‍ യോദ്ധ, നീണ്ടകരയില്‍ ദര്‍ശന, കൊല്ലത്ത് നേത്ര എന്നീ ബോട്ടുകളാണ് കടലില്‍ പരിശോധനയ്ക്കുള്ളത്. കേരളത്തിലെ തീരപ്രദേശങ്ങളിലെല്ലൂം ഇത്തരം സംയുക്ത പരിശോധന തുടരും.

 

 




MathrubhumiMatrimonial