
മാലിന്യ കൂമ്പാരം വനമാക്കി മാറ്റി മഹാരാഷ്ട്രാ നേച്ചര്‍ പാര്‍ക്
Posted on: 27 Apr 2015
ജയപ്രകാശ്. എം

മനസുവച്ചാല്‍ എന്തുമാറ്റവും സാധ്യമാകും എന്നതിനുള്ള ഉദാഹണമാണ് മുംബൈ നഗരത്തിന് നടുവിലെ ഏറ്റവും വലിയ മാലിന്യ കൂമ്പാരത്തില്‍ നിര്‍മ്മിച്ച മഹാരാഷ്ട്രാ നേച്ചര്‍ പാര്‍ക്ക്. ലോകത്തിലെത്തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതി 24 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നഗരത്തിന്റെ തണലിടമായി പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജമാകുന്നു. മുംബൈ വികസന അതോറിറ്റിയാണ് പാര്‍ക്ക് പരിപാലിക്കുന്നത്.
വിളപ്പില്‍ ശാലയിലെയും ബ്രഹ്മപുരത്തെയുമൊക്കെ മാലിന്യകേന്ദ്രങ്ങള്‍ മനോഹരമായ വനമായി മാറുന്നത് നമുക്ക് സ്വപ്നം കാണാന്‍ പോലും പ്രയാസം. എന്നാല്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും, പക്ഷിനിരീക്ഷകനുമായ സലിം അലി കണ്ട ഇത്തരമൊരു സ്വപ്നമായിരുന്നു മുംബൈ നഗരമധ്യത്തിലെ മാഹിമിലുള്ള മഹാരാഷ്ട്ര നേച്ചര്‍ പാര്‍ക്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുവരെ മുംബൈ നഗരത്തിലെ എല്ലാ മാലിന്യങ്ങളും തള്ളിയിരുന്ന ഡംപിങ് ഗ്രൌണ്ട് ഇന്ന് സംസ്ഥാനത്തെ പ്രധാന നേച്ചര്‍ പാര്‍ക്കുകളിലൊന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിക്കും, ബിസിനസ് കേന്ദ്രമായ ബാന്ദ്രകുര്‍ള കോംപ്ലക്‌സിനുമിടയിലുള്ള മുപ്പത്തേഴ് ഏക്കര്‍ സ്ഥലം വനമാക്കിയ കഥക്ക് കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും നിരവധി അധ്യായങ്ങളുണ്ട്. മീറ്ററുകള്‍ അട്ടിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ കുന്നുകൂടിക്കിടക്കുന്ന സ്ഥലം വനമാക്കാനുള്ള ലോകത്തിലെ തന്നെ ആദ്യ പദ്ധതിയായിരുന്നു മുംബൈയില്‍ വിജയകരമായി നടപ്പാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലൂടെ മരങ്ങളുടെ വേരുകള്‍ക്ക് താഴേക്കിറങ്ങാന്‍ കഴിയില്ലെന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. വലിയ കുഴിയെടുത്ത് വേറെ മണ്ണുകൊണ്ട് നികത്തി അതില്‍ മരങ്ങള്‍ നട്ട് ഒരു പരിധിവരെ പ്രശ്‌നം പരിഹരിച്ചു.
1983ല്‍ തുടങ്ങിയ വനവല്‍ക്കരണ പദ്ധതി 94ലിലാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോഴും പുതിയ മരങ്ങളും ചെടികളും നേച്ചര്‍പാര്‍ക്കിന് പച്ചപ്പ് കൂട്ടിക്കൊണ്ടേയിരിക്കുന്നു.
വിവിധ ഇനത്തില്‍പ്പെട്ട ഇരുപതിനായിരത്തോളം മരങ്ങളും ചെടികളുമാണ് മഹാരാഷ്ട്ര നേച്ചര്‍ പാര്‍ക്കിലുള്ളത്. നഗരത്തിനടുവിലെ വനം പക്ഷികളുടെയും ശലഭങ്ങളുടെയും ഇഴജന്തുക്കളുടെയുമൊക്കെ ഇടമാണ്. ഒപ്പം പ്രകൃതിയെ അറിയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഗവേഷകര്‍ വരെ ഇവിടെയെത്തുന്നു.
പ്രകൃതിയെ സ്‌നേഹിക്കാനും നിലനിര്‍ത്താനും പരിപാലിക്കാനും മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഉദാഹരണം മാത്രമല്ല ഊര്‍ജം കൂടിയാണ് ഡംപിങ് യാഡില് തീര്‍ത്ത ഈ വനഭംഗി.
