goodnews head

ഹസീന ആശുപത്രിക്കിടക്കയിലെത്തി; അബ്ദുള്‍റഹ്മാന്‍ മിന്നുചാര്‍ത്തി

Posted on: 27 Apr 2015



തിരുവനന്തപുരം:
മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ ഡീലക്‌സ് പേവാര്‍ഡിലെ പതിനൊന്നാം മുറിയിലെ കിടക്കയില്‍ അബ്ദുള്‍റഹ്മാന്‍ കുര്‍ത്തയണിഞ്ഞ് കാത്തിരുന്നു. അണിഞ്ഞൊരുങ്ങി ഹസീനയും ബന്ധുക്കളും അവിടേക്കെത്തി. പിന്നെ ചാരിയിരുന്ന് അബ്ദുള്‍റഹ്മാന്‍ ഹസീനയെ മിന്നുചാര്‍ത്തി ജീവിതസഖിയാക്കി.

പത്തനാപുരം സ്വദേശിയായ ഇരുവരുടെയും മിന്നുചാര്‍ത്ത് ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിനിടെ ബൈക്കപകടത്തില്‍പ്പെട്ട് അബ്ദുള്‍റഹ്മാന്‍ ആശുപത്രിക്കിടക്കയിലായി. ഇതിനാലാണ് മിന്നുചാര്‍ത്ത് ഇങ്ങോട്ടേക്ക് മാറ്റിയത്.

കിടക്കയില്‍ ചാരിയിരുന്ന റഹ്മാന് അടുത്തായി കസേരയിട്ട് ഹസീന ഇരുന്നു. പിന്നെ ഹസീനയുടെ സഹോദരന്‍ ബൊക്കെ നല്‍കി. ഇതിനുശേഷമാണ് മിന്നുചാര്‍ത്തല്‍ നടന്നത്. റഹ്മാന്‍ മിന്ന് ഹസീനയുടെ കൈയില്‍ നല്‍കി. പിന്നെ റഹ്മാന്റെ സഹോദരിയാണ് മിന്ന് ഹസീനയുടെ കഴുത്തിലണിഞ്ഞത്. ഇരുവരും പരസ്പരം പൂമാലയും അണിഞ്ഞു. മിന്നുചാര്‍ത്ത് കാണാനും അനുഗ്രഹം നല്‍കാനുമായി ബന്ധുക്കള്‍ക്കുപുറമെ നഴ്‌സുമാര്‍, പേവാര്‍ഡിലെ മറ്റു മുറികളിലെ രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍ എന്നിവരും എത്തിയിരുന്നു.

19ന് കലഞ്ഞൂരിന് സമീപമായിരുന്നു അപകടം. അബ്ദുള്‍റഹ്മാന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിമുട്ടിയായാണ് അപകടമുണ്ടായത്. അപകടം നടക്കുന്നതിനുമുമ്പുതന്നെ ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. അതിനാലാണ് നിശ്ചയിച്ച ദിവസംതന്നെ മിന്നുചാര്‍ത്തല്‍ നടന്നത്.

പത്തനാപുരം പാതിരിച്ചല്‍ റഹ്മാനിയ മന്‍സിലില്‍ ഹനീഫ റാവുത്തറിന്റെയും മഹദുല്‍ ബീവിയുടെയും മകനാണ് റഹ്മാന്‍. പത്തനാപുരം കുണ്ടയം പുത്തന്‍പുരയില്‍ അഷ്‌റഫിന്റെയും സൈബുന്നിസയുടെയും മകളാണ് ഹസീന. സൗദിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി നോക്കുകയാണ് റഹ്മാന്‍. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വിവാഹനിശ്ചയം നടന്നത്. പത്തനംതിട്ട മുസലിയാര്‍ കോളേജിലെ എം.കോം. വിദ്യാര്‍ഥിനിയാണ് ഹസീന.
ബൈക്കപകടത്തെത്തുടര്‍ന്ന് വലതുകാലിന് ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍റഹ്മാനെ ആദ്യം പത്തനാപുരത്തെ ആശുപത്രിയിലാക്കി. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടം കാരണം നിശ്ചയിച്ച വിവാഹം മുടങ്ങരുതെന്ന് ഇരു വീട്ടുകാരും തീരുമാനിച്ചതോടെയാണ് ആശുപത്രിക്കിടക്കയില്‍ മണവാട്ടിയെ എത്തിച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചത്.
നിക്കാഹ് വെള്ളിയാഴ്ച പേവാര്‍ഡില്‍വെച്ച് മതപുരോഹിതരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയിരുന്നു. പത്തനാപുരത്തെ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടക്കേണ്ട മിന്നുചാര്‍ത്തലാണ് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡില്‍ നടത്തിയത്.

 

 




MathrubhumiMatrimonial