Crime News

ഭാര്യയെ വെട്ടിയ പോലീസുകാരന്‍ വെട്ടുകത്തിയുമായി സ്റ്റേഷനില്‍ കീഴടങ്ങി

Posted on: 27 Apr 2015


കുണ്ടറ: കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടശേഷം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരന്‍ വെട്ടുകത്തിയുമായി കുണ്ടറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലം എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പളം പാവിട്ടുമൂല അമിതാ ഭവനില്‍ ജോസഫാണ് ഭാര്യ മഞ്ജു(32)വിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ 5.30 നായിരുന്നു ആക്രമണം.

മക്കളായ അമിതും (5) അമിതയും (8) ഉറങ്ങിക്കിടന്ന മുറി പുറത്തുനിന്ന് പൂട്ടിയശേഷമായിരുന്നു ഉറങ്ങുകയായിരുന്ന മഞ്ചുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയത്. കഴുത്തിനും വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന മഞ്ജുവിനെ സഹോദരനും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആസ്പത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മഞ്ചുവിന്റെ വലതുകൈ അറ്റ് തൂങ്ങിയനിലയിലായിരുന്നു.

ആക്രമണത്തിനുശേഷം ജോസഫ് വീട് പൂട്ടി 6 മണിയോടെ വെട്ടുകത്തിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചു. പോലീസ് മഞ്ചുവിന്റെ സഹോദരന്‍ മനോജിനെ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ മഞ്ചുവിനെ അപകടനില തരണംചെയ്തതോടെ വൈകിട്ട് 5ന് വാര്‍ഡിലേക്ക് മാറ്റി. കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial