Crime News

സ്വര്‍ണക്കടത്ത് പിടിയിലായത് ലിഫ്റ്റിലൊളിപ്പിക്കാനുള്ള തന്ത്രം പാളിയപ്പോള്‍

Posted on: 26 Apr 2015



കൊണ്ടോട്ടി:
ഡ്രൈവര്‍മാരായ സിദ്ദിഖ് ഒമ്പതുദിവസം മുമ്പും ഫൈസല്‍ മൂന്നുമാസം മുമ്പുമാണ് ദുബായിലെത്തിയത്. സഹോദരിയുടെ വിവാഹത്തിനും വീടുപണിപൂര്‍ത്തിയാക്കാനും പണം കണ്ടെത്താനാണ് ഇരുവരും കള്ളക്കടത്തിന്റെ കാരിയര്‍മാരായത്.

ഇരുവരുടേയും സുഹൃത്തായ മലപ്പുറംസ്വദേശി നിസാര്‍ മുഖേന പരിചപ്പെട്ട കണ്ണൂര്‍സ്വദേശി സലീമാണ് കള്ളക്കടത്തിന്റെ സൂത്രധാരന്‍. സലീമിന്റെ നിര്‍ദേശത്തില്‍ ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍കയറിയ അബൂബക്കര്‍ സിദ്ദിഖിനും ഫൈസലിനും വിമാനം കരിപ്പൂരിലെത്താറായസമയത്ത് ഇതേ വിമാനത്തിലുണ്ടായിരുന്ന അഷ്‌റഫ് കുന്നത്ത് സ്വര്‍ണം കൈമാറുകയായിരുന്നു.

ദുബായ് വിമാനത്താവള കസ്റ്റംസില്‍ സ്വര്‍ണമെത്തിച്ചത് അഷ്‌റഫായിരുന്നു. വിമാനത്താവള ടെര്‍മിനല്‍ ലിഫ്റ്റിന്റെ മുകളില്‍ സ്വര്‍ണം ഒളിപ്പിക്കാനായിരുന്നു ഇരുവര്‍ക്കും ഫോണില്‍ നിര്‍ദേശംലഭിച്ചത്. ലിഫ്റ്റില്‍നിന്ന് ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായിരുന്നു തീരുമാനം. എന്നാല്‍ ലിഫ്റ്റില്‍ എത്തിയപ്പോള്‍ കസ്റ്റംസിനെ കണ്ടതിനാല്‍ ഇവര്‍ക്ക് സ്വര്‍ണം ഒളിപ്പിക്കാനായില്ല. തുടര്‍ന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് പുറത്തുകടക്കുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റംസിന്റെ പിടിയിലായത്.

വിമാന ടിക്കറ്റും 30,000 രുപയുമായിരുന്നു സ്വര്‍ണക്കടത്തിന് അബൂബക്കര്‍ സിദ്ദിഖിന് വാഗ്ദാനംചെയ്തിരുന്നത്. ഫൈസലിന് ടിക്കറ്റിനോടൊപ്പം 20,000 രുപയും.

ദുബായില്‍ ഒരുവര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന അബ്ദുള്‍ റഹീമിന് ഒരുകിലോ സ്വര്‍ണം നികുതിയടച്ചുകൊണ്ടുവരാം. പക്ഷേ സ്വര്‍ണം വാങ്ങിയതിന്റെ 23 ലക്ഷം രൂപയുടെ രസീതോ ഇതിനുള്ള വരുമാനസ്രോതസ്സോ ഇയാള്‍ ഹാജരാക്കിയിരുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ തുക പിന്‍വലിച്ചതായും കാണിക്കാനായില്ല. അബ്ദുറഹീമിനെ വിട്ടയച്ചെങ്കിലും സ്വര്‍ണം തടഞ്ഞുെവച്ചിരിക്കുകയാണ്.
കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിടിയിലാകുന്നതെല്ലാം വാഹകരാണ്. സ്വര്‍ണക്കടത്തിന്റെ പിന്നിലുള്ളവരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിയുന്നില്ല.

 

 




MathrubhumiMatrimonial