goodnews head

ബാബു ഇനിയും ജീവിക്കും...നാല് പേരിലൂടെ

Posted on: 26 Apr 2015


കരുനാഗപ്പള്ളി: ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ബാബു ഇനിയും ജീവിക്കും...നാല് പേരിലൂടെ. ജീവിതപ്രതീക്ഷകളറ്റുപോയിരുന്ന നാലുപേര്‍ക്ക് സ്വന്തം ജീവന്‍ പകുത്തുനല്‍കിയാണ് ബാബു മരണത്തിന് കീഴടങ്ങിയത്.

മത്സ്യത്തൊഴിലാളിയായ ചെറിയഴീക്കല്‍ മണിമംഗലത്ത് വീട്ടില്‍ ബാബു(53)വിന് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ബോട്ടില്‍വീണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ബാബുവിനെ കരുനാഗപ്പള്ളിയിലെ ഒരു ആസ്പത്രിയില്‍ എത്തിച്ചു. അവിടെനിന്ന് വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാബുവിന്റെ മക്കള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അവയവദാന വിഭാഗം 'മൃതസഞ്ജീവനി'യുമായി ബന്ധപ്പെട്ടു. കരളും വൃക്കയും തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലെ രോഗികള്‍ക്കും കണ്ണുകള്‍ കൊല്ലം സര്‍ക്കാര്‍ ആസ്പത്രിയിലെ നേത്രചികിത്സാ വിഭാഗത്തിലെ രോഗികള്‍ക്കുമാണ് ദാനം ചെയ്തത്.

വൈകിട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആയിരങ്ങളാണ് ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
ഭാര്യ: കുസുമം. മക്കള്‍: സുജിത്, സുനി, സുനു. മരുമകള്‍: പ്രസീത.

 

 




MathrubhumiMatrimonial