Crime News

മണ്ണെടുപ്പ്, ഗുണ്ടാപ്രവര്‍ത്തനം: രണ്ടുപേര്‍ പിടിയില്‍

Posted on: 24 Apr 2015


ചാലക്കുടി: കാടുകുറ്റി കേന്ദ്രീകരിച്ച് മണ്ണെടുപ്പും ഗുണ്ടാ പ്രവര്‍ത്തനവും നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കാടുകുറ്റി നെടുപറമ്പില്‍ ലിന്റൊ (26), പടിഞ്ഞാറേടത്ത് സന്തോഷ് (35) എന്നിവരെ ചാലക്കുടി സി.ഐ. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. രണ്ടു വടിവാളുകള്‍ പിടികൂടി.

കുറെക്കാലമായി കാടുകുറ്റി, അന്നനാട്, സമ്പാളൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇവര്‍ മണ്ണെടുപ്പ് നടത്തിവരികയായിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം കാടുകുറ്റി സ്വദേശി മനോജിനെ വെട്ടിപ്പരിേക്കല്‍പ്പിച്ചിരുന്നു. ഗുണ്ടാസംഘങ്ങളുടെ തുടര്‍ന്നുള്ള ആക്രമണം ഭയന്ന് സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നു. ചാലക്കുടി സി.ഐ.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തിയത്.

ബുധനാഴ്ച വൈകീട്ട് കാടുകുറ്റി മൃഗാസ്പത്രി പരിസരത്തു നിന്നാണ് ഇവര്‍ പിടിയിലായത്. മണ്ണെടുപ്പിന് തടസ്സം നില്‍ക്കുന്നവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി.

ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായുള്ള അന്വേഷണമാണ് പോലീസ് ഇനി നടത്തുക. അറസ്റ്റിലായ സന്തോഷിന് ചാലക്കുടിയിലും മാളയിലും അബ്കാരി കേസുകള്‍ നിലവിലുണ്ട്. മാളയിലെ കേസില്‍ ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു. ലിന്റൊ നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണ്. കൊരട്ടി എസ്‌ഐ പി.ഒ. വര്‍ഗ്ഗീസ്, അഡീഷണല്‍ എസ്‌ഐ എ.കെ. അജയന്‍, പ്രൊബേഷണറി എസ്‌ഐ ബി.കെ. അരുണ്‍, സി.പി.ഒ.മാരായ സി.എ. സാദത്ത്, എം. സതീശന്‍, സി.ബി. ഷെറില്‍, വി.യു. സെല്‍ജൊ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial