Crime News

വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന മൂന്ന് പേര്‍ക്ക് വധശിക്ഷ

Posted on: 23 Apr 2015


ഗുവാഹട്ടി: 2011ല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് ആസാമിലെ കോടതി വധശിക്ഷ വിധിച്ചു.

ഗുവാഹട്ടിക്കടുത്ത് ജാഗിറോഡിലെ അനു ദത്തയുടെ മകന്‍ അരുപ് ദത്തയാണ് കൊല്ലപ്പെട്ടത്. സഞ്ചയ് ചന്ദ്ര, ഭീം ദാസ് എന്നിവരാണ് കൊല നടത്തിയത്. വിദ്യാര്‍ത്ഥിയെ തലയറുത്ത ശേഷം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്നാം പ്രതിയായ മോഹന്‍ തെറോണ്‍ ഇതിനു കൂട്ടുനിന്നു.

കുട്ടിയെ തട്ടികൊണ്ടു പോയി കൊന്ന ശേഷം പ്രതികള്‍ കുട്ടിയുടെ അച്ഛനോട് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 100 പേജോളം വരുന്ന വിധിയില്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വിലയിരുത്തി.

വിധിയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ സന്തോഷം രേഖപ്പെടുത്തി. വിധി തങ്ങളുടെ മകന്റെ ആത്മാവിന് ശാന്തി നല്‍കുമെന്നും അവര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial