
കുഞ്ഞുമാളൂട്ടിക്ക് ഇനി കാണാം, നിറമുള്ള കാഴ്ചകള്‍
Posted on: 22 Apr 2015
ആന്റണി മുനിയറ

രാജാക്കാട് (ഇടുക്കി): പോറ്റമ്മ ട്രീസയെ നോക്കി മാളൂട്ടി നിലാവുപോലൊരു പുഞ്ചിരിപൊഴിച്ചു. പിന്നെ അവ്യക്തമായി കൊഞ്ചി. ആദ്യമായി കണ്‍തുറന്ന് വെളിച്ചംകണ്ടു; ഇതുവരെ തന്നെ മാറോടുചേര്‍ത്തണച്ച് കൊഞ്ചിച്ച ട്രീസാമ്മയുടെ മുഖവും. ഈ കുഞ്ഞിക്കണ്ണുകളിലെ ഇരുട്ടകലാന്‍ പ്രാര്‍ഥിച്ചവരുടെയും സഹായിച്ചവരുടെയും സ്വപ്‌നം പൂവണിയുകയാണ്.
ആറാംമാസം ജനിച്ച കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ പെറ്റമ്മ ഉപേക്ഷിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ പരിചരിച്ച് ജീവന്‍ നിലനിര്‍ത്തിയ കുഞ്ഞിനെ അനാഥക്കുഞ്ഞുങ്ങളുടെ അഭയകേന്ദ്രമായ കരുണാഭവന്‍ ഏറ്റെടുത്തു. അഞ്ചുമാസംമുമ്പാണ് കുഞ്ഞുമാളൂട്ടിക്ക് കാഴ്ചയും ഒരു ചെവിക്ക് കേള്‍വിശക്തിയുമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഹൈദരാബാദിലെ എല്‍.വി.പ്രസാദ് ഐ ഫൗണ്ടേഷനില്‍ ഏപ്രില്‍ 17ന് ആയിരുന്നു കുഞ്ഞുമാളൂട്ടിയുടെ ശസ്ത്രക്രിയ. ഓപ്പറേഷന്‍നടത്തിയ ഡോ. സുഭദ്ര ജലാലി ശസ്ത്രക്രിയ വിജയകരമാണെന്ന് അറിയിച്ചു.
കോര്‍ണിയയില്‍ അടിഞ്ഞുകൂടിയരക്തം നീക്കംചെയ്ത് ഞരമ്പുകള്‍ കോര്‍ത്തിണക്കി. ഒരു കണ്ണിന്റെകാഴ്ച കുറേശ്ശെ അവള്‍ വീണ്ടെടുക്കുകയാണ്. മെയ് 14ന് മറ്റേ കണ്ണിന്റെ ശസ്ത്രക്രിയയും നടത്തും. കരുണാഭവന്‍ ട്രസ്റ്റി ട്രീസാ തങ്കച്ചന്‍, സിസ്റ്റര്‍ ക്ലെയര്‍, ജോജി എന്നിവര്‍ ചേര്‍ന്നാണ് മാളൂട്ടിയെ ഹൈദരാബാദിലെ ആസ്പത്രിയിലെത്തിച്ചത്.
മാളൂട്ടിക്ക് സഹായമഭ്യര്‍ഥിച്ച് മാതൃഭൂമിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാരുടെ കാരുണ്യത്തിന്റെ കൈത്താങ്ങ് ഒമ്പതുമാസം മാത്രം പ്രായമുള്ള മാളൂട്ടിയുടെ ഓപ്പറേഷന് സഹായകരമായി.
അവളിപ്പോള്‍ പുഞ്ചിരിക്കുന്നുണ്ട്. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ പ്രത്യേക ബള്‍ബുകളും കാഴ്ചസഹായികളും ആസ്പത്രിയധികൃതര്‍ നല്‍കിയിട്ടുണ്ട്. കാഴ്ചശക്തി പൂര്‍ണമായും വീണ്ടെടുത്താലുടന്‍ കേള്‍വിശക്തി ലഭിക്കാനുള്ള ചികിത്സകള്‍ ആരംഭിക്കും.
