goodnews head

നൂറു മേനി വിജയം നേടി; ഇനി വേണ്ടത് അടച്ചു പൂട്ടില്ലെന്ന ഉറപ്പ്‌

Posted on: 22 Apr 2015

എ.പി. ഭവിത, മാതൃഭൂമി ന്യൂസ്‌




ഒരു തിരിച്ചു വരവിന്റെ കഥയാണ്. അദായകരമല്ലെന്ന് കാണിച്ച് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സ്‌കൂളിന് നൂറുമേനി വിജയത്തിലൂടെ അതിജീവിക്കാനുള്ള ഊര്‍ജ്ജം കിട്ടിയ കഥ.

കോഴിക്കോട് കല്ലായി ഗണപത് ഹയര്‍സെക്രണ്ടറി സ്‌കൂളില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത. നൂറ് മേനി വിജയം ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുമോ എന്നറിയാനാണ് കല്ലായിയിലെ സാധാരണക്കാരായ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ കാത്തിരിക്കുന്നത്.

നൂറ്റിമൂന്ന് കുട്ടികള്‍ മാത്രമുള്ള സ്‌കൂളിനെ അനാദായകരമെന്ന പട്ടികയില്‍ ചേര്‍ത്തു കഴിഞ്ഞു സര്‍ക്കാര്‍. ഇതിനിടയിലാണ് പത്താം ക്ലാസ്സ് പരീക്ഷയെഴുതിയ ഇരുപത്തിയേഴ് കുട്ടികളും വിജയിച്ച് നൂറ് മേനിയുടെ പകിട്ടില്‍ നില്‍ക്കുന്നത്. തങ്ങളുടെ പരിശ്രമം സ്‌കൂളിന്റെ ആയുസ്സു നീട്ടണമേ എന്ന പ്രാര്‍ഥനയോടെ.

എട്ടുവര്‍ഷമായി ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ട്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രദേശത്തായതിനാല്‍ വിദ്യാര്‍ത്ഥികളെ കിട്ടാതെ അധ്യാപകര്‍ വലഞ്ഞു. വിജയശതമാനം ഉയര്‍ത്തുക മാത്രമായി പോംവഴി. നിരന്തര ശ്രമത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം 98 ശതമാനം പേരേയും വിജയിപ്പിച്ചു. ഇത്തവണത്തെ മിടുക്കര്‍ അത് നൂറിലെത്തിച്ചു.

ദേശീയ ഗെയിംസിനായി നവീകരിച്ച ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി അധികൃതരും നാട്ടുകാരും കാത്തിരിക്കുകയാണ് സ്‌പോര്‍ട് സ്‌കൂളെന്ന പഴയ പ്രഖ്യാപനം സര്‍ക്കാര്‍ ഓര്‍ക്കുമെന്ന പ്രതീക്ഷയില്‍...

 

 




MathrubhumiMatrimonial