Crime News

കോഫീഹൗസ് തൊഴിലാളികളുടെ പേരില്‍ കോടികളുടെ വായ്പ തട്ടിപ്പ്‌

Posted on: 22 Apr 2015

ശ്രീകാന്ത് ശ്രീധര്‍



തൃശ്ശൂര്‍: ഇന്ത്യന്‍ കോഫീഹൗസ് തൊഴിലാളികളുടെ പേരില്‍ വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടികള്‍ ബാങ്ക് വായ്പ എടുക്കുന്നു. ബാങ്കുകളെ കബളിപ്പിക്കാന്‍ തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഇന്ത്യാ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം ഭരണസമിതി കൂട്ടുനില്‍ക്കുന്നുവെന്നാണ് പരാതി. ബാങ്ക് വായ്പകളില്‍നിന്ന് നിശ്ചിത തുക ഭരണസമിതി അംഗങ്ങള്‍ കമ്മീഷനായി കൈപ്പറ്റി വീതിച്ചെടുക്കുന്നതായും ആരോപണമുണ്ട്.

തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഇന്ത്യന്‍ കോഫീഹൗസുകളില്‍ മൂവായിരത്തോളം തൊഴിലാളികളുണ്ട്. ഇതില്‍ രണ്ടായിരത്തിലധികം പേര്‍ക്കും നാലും അഞ്ചും ലക്ഷം വരെ ബാങ്ക് വായ്പയുണ്ട്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സംഘം സെക്രട്ടറി നല്‍കുന്ന ശമ്പളസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പല ബാങ്കുകളില്‍നിന്നായി വായ്പ തരപ്പെടുത്തുകയാണ്. ഏഴു ബാങ്കുകളില്‍നിന്നുവരെ ഒരേസമയം വായ്പ എടുത്ത തൊഴിലാളികളുണ്ട്. ഒരു ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞാല്‍ ആറു മാസം കഴിഞ്ഞേ അടുത്ത സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഒരു മാസം തന്നെ മൂന്നും നാലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.

വാങ്ങുന്ന ശമ്പളത്തിന്റെ പലമടങ്ങ് തുക ശമ്പളസര്‍ട്ടിഫിക്കറ്റില്‍ കാണിച്ചാണ് വലിയ വായ്പകള്‍ സംഘടിപ്പിക്കുന്നത്. ആയിരം രൂപ മാത്രം ശമ്പളമുള്ളയാള്‍ 35000 രൂപയുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കി വായ്പ എടുത്തിട്ടുണ്ട്. ചില നടപടികളുടെ ഭാഗമായി ശമ്പളത്തില്‍നിന്ന് പിടിത്തം കഴിഞ്ഞ് വെറും 73 രൂപ മാത്രം കൈപ്പറ്റുന്നയാള്‍ക്കും ലോണെടുക്കാന്‍ സംഘം സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അറിയുന്നു.
വായ്പയെടുക്കുന്നവര്‍ ഒരുലക്ഷം രൂപയ്ക്ക് 20,000 രൂപ വരെ സംഘം ഭരണസമിതിയംഗങ്ങള്‍ക്ക് കമ്മീഷനായി നല്‍കേണ്ടിവരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിലും ബാങ്കുകള്‍ക്ക് നടപടിയെടുക്കാനാകാത്ത സാഹചര്യമാണ്. ശമ്പളത്തില്‍നിന്ന് തുക പിടിച്ചെടുത്തു നല്‍കണമെന്നാവശ്യപ്പെടാറുണ്ടെങ്കിലും സംഘം ഇതു ചെവിക്കൊള്ളാറില്ല. ഏതെങ്കിലും ബാങ്കുകാര്‍ കര്‍ശനമായി മുന്നോട്ടുവന്നാല്‍ മറ്റൊരു ബാങ്കില്‍നിന്ന് വായ്പ തരപ്പെടുത്തി അടച്ച് തത്കാലം പരിഹരിക്കും.
പത്തംഗ ഭരണസമിതിയിലെ തന്നെ ചിലര്‍ തൊഴിലാളികളെ ബിനാമിയാക്കി വായ്പയെടുക്കാറുണ്ട്. വായ്പയെടുക്കുന്ന തൊഴിലാളികള്‍ ബ്ലേഡ് പലിശയ്ക്ക് മറിച്ചുകൊടുക്കുന്നതും പതിവാണ്.
ഈ തട്ടിപ്പിനെതിരെ സി.ഐ.ടി.യു. സംഘടനയില്‍പ്പെട്ട തൊഴിലാളികള്‍ പരാതി നല്‍കിയെങ്കിലും ഫലപ്രദമായ അന്വേഷണംപോലും നടന്നിട്ടില്ല. തൃശ്ശൂര്‍ ജില്ലാ വ്യവസായകേന്ദ്രത്തിനു കീഴിലാണ് തൃശ്ശൂര്‍ സംഘത്തിന്റെ രജിസ്‌ട്രേഷന്‍. സംഭവത്തെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്. അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥയെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഭരണസമിതി. ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ക്രമക്കേടു നടന്നതായി നിലവിലെ ഭരണസമിതിയുടെ പേരില്‍ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. നാലരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് സംഘം ഭരണസമിതിക്കെതിരെ വിജിലന്‍സ് കേസും നിലവിലുണ്ട്.

 

 




MathrubhumiMatrimonial