
സ്മൃതിവനത്തില്‍ ആദ്യം മുഴങ്ങിയത് ഗന്ധര്‍വനാദം
Posted on: 21 Apr 2015

പഴയരിക്കണ്ടം (ഇടുക്കി): പഴയരിക്കണ്ടം വരകുളം ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തി ഗന്ധര്‍വഗായകനെത്തി. പ്രകൃതിയുടെ മുറിവുകളില്‍ സാന്ത്വനം പകരാനുള്ള വലിയ മാതൃകയാണ് ബാര്‍ബര്‍തൊഴില്‍ ചെയ്ത് തങ്ങളെ വളര്‍ത്തിവലുതാക്കിയ അച്ഛന്റെ ഓര്‍മ്മയ്ക്കായി മക്കള്‍ സ്മൃതിവനം ഒരുക്കുന്നതെന്ന് ഡോ. െക.ജെ.യേശുദാസ് പറഞ്ഞു.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം വരകുളത്താണ് കുടുംബസ്വത്തായ ഒരേക്കര്‍ സ്ഥലത്ത് സ്മൃതിവനമൊരുക്കുന്നത്. തറവാട്ടുഭൂമി കഷണങ്ങളായി മുറിച്ചുപങ്കിട്ടെടുക്കാതെ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ നടത്തുന്ന മനസ്സിനെ വണങ്ങണമെന്ന് യേശുദാസ് പറഞ്ഞു.
വൃക്ഷത്തൈ നടാന്‍ തനിക്ക് അര്‍ഹതയുണ്ടോയെന്ന് സംശയമുണ്ടെന്നുപറഞ്ഞ യേശുദാസ് സ്ഥലത്ത് തടിച്ചുകൂടിയ ആയിരങ്ങളോട് അനുമതി അഭ്യര്‍ഥിച്ചു. 'കാട്, കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട്' എന്ന ഒരുവരി പാടിയശേഷം കേശവന്റെ ഭാര്യ കമലാക്ഷിയില്‍നിന്ന് പ്ലാവിന്റെതൈ ഏറ്റുവാങ്ങി സ്മൃതിവനത്തിലെ ആദ്യമരം നട്ടു. പരിസ്ഥിതിപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തുടര്‍ന്ന് മരങ്ങള്‍ നട്ടു.
ബാര്‍ബര്‍തൊഴില്‍ ചെയ്യുന്നതിനിടയിലും ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്ന കേശവന്‍ 54-ാം വയസ്സിലാണ് മരിച്ചത്. ഏഴു മക്കളില്‍ നാലുപേരും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരാണ്. ഇളയമകന്‍ വെണ്‍മണി സുരേഷുമായുള്ള ബന്ധമാണ് യേശുദാസിനെ പഴയരിക്കണ്ടം ഗ്രാമത്തിലെത്തിച്ചത്. സ്മൃതിവനത്തിന്റേയും തറവാട്ടുവീടിന്റേയും ചുമതല സുരേഷിനെയാണ് കുടുംബം ഏല്പിച്ചിരിക്കുന്നത്.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഡി.ശോശാമ്മയുടെ അധ്യക്ഷതയില്‍ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എം.പി. പി.ടി.തോമസ്, കെ.അരവിന്ദാക്ഷന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉസ്മാന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എന്‍.മുരളി, ജോര്‍ജി ജോര്‍ജ്, ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രസാദവര്‍മ തമ്പുരാന്‍, ആര്‍.കെ.ദാമോദരന്‍, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, പ്രൊഫ. ശോഭീന്ദ്രന്‍, എന്‍.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.
