Ramzan Banner

ബദ്‌റിന്റെ പശ്ചാത്തലം

Posted on: 08 Sep 2009

സി. മുഹമ്മദ് ഫൈസി



ബദ്ര്‍ അറേബ്യയിലെ ഒരു നഗരമാണ്-അന്ത്യപ്രവാചകരുടെ കാലത്ത് അവിടെ നടന്ന സമരത്തിന് ബദ്ര്‍ എന്നു പേര്‍വന്നു. ഇസ്‌ലാമിന്റെ ചരിത്രം അയവിറക്കുന്നവര്‍ ബദ്ര്‍ അനുസ്മരിക്കുക സ്വാഭാവികം. ഇസ്‌ലാംമതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പുതിയ നാഗരികത സ്ഥാപിച്ചെടുക്കുന്‍ മുഹമ്മദ്‌നബി ഉത്സാഹിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്ത മദീനയില്‍ പ്രതിയോഗികള്‍ കടന്നുവന്നപ്പോള്‍ ഏറ്റുമുട്ടലുണ്ടായത് മദീനയില്‍നിന്ന് 110 കി.മീ ദൂരെയുള്ള ബദ്‌റിലായിരുന്നു. റംസാനില്‍ നടന്ന ഈ സമരം ഒരു നാഴികക്കല്ലായിരുന്നു. ബദ്ര്‍ യുദ്ധമെന്ന പേരിലാണ് അറിയപ്പെടുന്നത്. സമരവും യുദ്ധവും തമ്മില്‍ എന്താണ് വ്യത്യാസം? സമരങ്ങള്‍ ആവശ്യമുണ്ടോ? യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നത് ദൈവമോ മനുഷ്യനോ? മതത്തിന് യുദ്ധത്തില്‍ എന്തു താത്പര്യമാണുള്ളത്? റംസാന്‍ 17ന് വിശ്വാസികള്‍ നവ്രതത്തോടൊപ്പം ബദ്ര്‍ദിനം ആചരിക്കുന്ന പതിവും ഉണ്ട്. അന്നദാനവും ബദ്‌റില്‍ പങ്കെടുത്ത ധീരയോദ്ധാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ് പ്രധാനം.

ഇസ്‌ലാം മറ്റു മതങ്ങള്‍പോലെത്തന്നെ യുദ്ധത്തിനെതിരാണ്. യുദ്ധം ഒരു നല്ലപദമോ ശബ്ദമോ അല്ല. നെഗറ്റീവ് വികാരമാണ് യുദ്ധം ധ്വനിപ്പിക്കുന്നത്. ഏറ്റുമുട്ടലുകളും പോരാട്ടങ്ങളും അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും പര്യായമായിട്ടേ ചെവിയില്‍ പതിയുകയുള്ളൂ. മുഹമ്മദ്‌നബി ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍പ്പിക്കാന്‍ മക്കയില്‍ ശ്രമം തുടങ്ങിയത് 7-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. സത്യവും നീതിയും സ്ത്രീസ്വാതന്ത്ര്യവും സ്നേഹവും അഹിംസയുമെല്ലാം ഇസ്‌ലാം പുനഃസ്ഥാപിക്കുകയായിരുന്നു.

അധര്‍മത്തിന്റെ ആളുകള്‍ നബിയെ കല്ലെറിഞ്ഞു, നാടുകടത്തി. മദീനയിലും ശത്രുക്കള്‍ എതിര്‍ക്കാന്‍ വന്നു. അപ്പോള്‍ ബദ്‌റില്‍ പ്രതിരോധിച്ചു. ഇതാണ് യുദ്ധമെന്ന് പേരിട്ട് ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ചിലര്‍ ആയുധമാക്കുന്നത്-മതങ്ങളല്ല യുദ്ധമുണ്ടാക്കുന്നത്. മതം സ്നേഹമാണ്. ഐക്യമാണ്. രക്ഷയും സംരക്ഷണവുമാണ്. പക്ഷേ, നിരപരാധികളെയും സമാധാനപ്രേമികളെയും സാമൂഹികപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യുന്നവരോട് ഇസ്‌ലാം പറയുന്നു: ''പ്രതിരോധിക്കുക, ഇല്ലെങ്കില്‍ സത്യം മരിക്കും. നല്ലവര്‍ നശിക്കും'' ഒരിക്കലും സത്യം മരിക്കരുത്. സമരം അനിവാര്യമാകുമ്പോള്‍ അത് അനുവദനീയമാകുന്നു.




MathrubhumiMatrimonial