
കാരുണ്യത്തിന്റെ കൈത്തിരിയുമായി അനീഷ് വീണ്ടും
Posted on: 20 Apr 2015

ചെറുതോണി: പ്രസവവേദനയോടൈയത്തിയ ദളിത് യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് മടക്കി അയച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വിവിധ ആസ്പത്രികള്‍ കയറിയിറങ്ങി രക്ഷപ്പെടുത്തിയ അനീഷ് നാടിന് വീണ്ടും അഭിമാനമായി.
ഞായറാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രസവവേദനയോടെ യുവതിയെ അനീഷ് തന്റെ ടാക്‌സി ഓട്ടോറിക്ഷയില്‍ എത്തിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആസ്പത്രിക്ക് സമീപത്തുള്ള താമസസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇവര്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് വരാന്‍ തയ്യാറായില്ല.
യുവതിയെ ആംബുലന്‍സില്‍ മറ്റ് ആസ്പത്രിയിലേക്ക് പറഞ്ഞുവിടാനും അധികൃതര്‍ മനസ്‌കാണിച്ചില്ല. ഇതുകണ്ട് മനംനൊന്ത അനീഷ് തന്റെ ഓട്ടോറിക്ഷയില്‍ യുവതിയെ കയറ്റി 50 കിലോമീറ്റര്‍താണ്ടി മറ്റ് ആസ്പത്രികള്‍ കയറിയിറങ്ങിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
നാലുവര്‍ഷം മുമ്പ് ഇതേ ആസ്പത്രിയിലെത്തിയ ആദിവാസി യുവതിയെ പ്രസവവേദനയോടെ അധികൃതര്‍ രാത്രിയില്‍ മടക്കിവിട്ടു. ടാക്‌സി വിളിച്ച് തൊടുപുഴ ആസ്പത്രിയില്‍ പോകാന്‍ കൈയില്‍ പണം ഇല്ലാത്തതിനാല്‍ പ്രസവവേദനയോടെ റോഡരികില്‍ ഇരിക്കുന്ന യുവതിയും അമ്മയെ ആശ്വസിപ്പിച്ച് കരയുന്ന പിഞ്ച്കുഞ്ഞും സമീപത്തുനിന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഭര്‍ത്താവിനെയുമാണ് അനീഷ് കണ്ടത്. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി രാത്രിയില്‍ ആനക്കാട്ടിലൂടെ തൊടുപുഴ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെ അഡ്മിറ്റ് ചെയ്തില്ല.
പിന്നീട് മൂവാറ്റുപുഴയിലെയും ആസ്പത്രികള്‍ കയറിയിറങ്ങിയെങ്കിലും പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും സാമൂഹ്യസന്നദ്ധ സംഘടനകളും അനീഷിനെ അഭിനന്ദിച്ചിരുന്നു. അന്ന് ആദിവാസി സ്ത്രീയെ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷതന്നെയാണ് ഇപ്പോഴുമുള്ളത്.
