Crime News

ഡോക്ടര്‍മാര്‍ മുഖംതിരിച്ചു; ദളിത് യുവതി പ്രസവിക്കാന്‍ സഞ്ചരിച്ചത് 50 കിലോമീറ്റര്‍

Posted on: 20 Apr 2015



ചെറുതോണി (ഇടുക്കി): പ്രസവവേദനയുമായി അവശനിലയില്‍ പുലര്‍ച്ചെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച ദളിത്യുവതിയെ പരിചരിക്കാന്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ ആരുമെത്തിയില്ല. യുവതിയുമായി ഓട്ടോയില്‍ വനിതാഡോക്ടര്‍മാര്‍ താമസിക്കുന്ന സ്ഥലെത്തത്തി അവരെ വിളിച്ചിട്ടും വാതില്‍ തുറക്കാന്‍പോലും തയാറായില്ലെന്നും പരാതിയുണ്ട്. അസഹനീയമായ വേദനയുമായി യുവതിയെ ഓട്ടോറിക്ഷയില്‍ കുണ്ടുംകുഴിയുംനിറഞ്ഞ വഴിയിലൂടെ 50 കിലോമീറ്റര്‍ താണ്ടി മുരിക്കാശ്ശേരിയിലെ ആസ്പത്രിയിലും അവിടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കട്ടപ്പനയിലെത്തിച്ചു. ഇവിടെവച്ച് സിസേറിയനിലൂടെ ഇരുപത് മിനുട്ടിനകം ആണ്‍കുഞ്ഞിനെ പുറത്തെടുത്തു. ചെറുതോണി ആലുംചുവട് തട്ടാപറമ്പില്‍ ദിലീപിന്റെ ഭാര്യ രാജി(24)ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

ഡോക്ടര്‍മാര്‍ മുഖംതിരിച്ചപ്പേള്‍ സഹായമനസ്സുമായി രാജിയേയുംകൊണ്ട് ആസ്പത്രികള്‍ കയറിയിറങ്ങിയത് ചെറുതോണിയിലെ ഓട്ടോ ഡ്രൈവറായ അനീഷാണ്. 2010 മാര്‍ച്ച് 21 ഞായറാഴ്ചരാത്രിയില്‍ മറ്റൊരു ആദിവാസിയുവതിക്കും ഇതുപോലുള്ള അനുഭവം ജില്ലാ ആസ്പത്രിയില്‍ ഉണ്ടായിരുന്നു. അന്നും രക്ഷകനായത് അനീഷായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് രാജിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗര്‍ഭാരംഭം മുതല്‍ രാജി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ വനിതാഡോക്ടറുടെ ചികിത്സയിലായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ് ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഡോക്ടര്‍ അതീവസുരക്ഷ നിര്‍ദേശിച്ചിരുന്നു. ഇതുമൂലം വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അനീഷിന്റെ ഓട്ടോ വിളിച്ചുവരുത്തി. ഭര്‍ത്താവ് ദിലീപ് സ്ഥലത്തില്ലായിരുന്നതിനാല്‍ രാജിയും അഞ്ചുവയസ്സുകാരി മകളും ഭര്‍ത്താവിന്റെ അമ്മയുംകൂടി ഓട്ടോയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടറുടെ താമസസ്ഥലത്തുചെന്ന് വിളിക്കുകയായിരുന്നു. വീടിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും വാതില്‍ തുറന്നില്ല.

ഉടനെ തിരികെ ആസ്പത്രിയിലെത്തി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി നഴ്‌സുമാര്‍ മറ്റൊരു ഗൈനക്‌ഡോക്ടറെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ വേദനയ്ക്കുള്ള മരുന്നുനല്‍കാന്‍ നിര്‍ദേശിച്ചു. നഴ്‌സ് ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് ആസ്പത്രിജീവനക്കാരുടെ നിര്‍ദേശപ്രകാരം ഓട്ടോയില്‍ 19 കിലോമീറ്റര്‍ സഞ്ചരിച്ച് മുരിക്കാശ്ശേരി ആസ്പത്രിയിലെത്തി. അവിടെ ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ പ്രവേശിപ്പിച്ചില്ല. വീണ്ടും 29 കിലോമീറ്റര്‍ ഓട്ടോയില്‍ യാത്രചെയ്ത് വെളുപ്പിന് 6.30ന് കട്ടപ്പന സെന്റ് ജോണ്‍സ് ആസ്പത്രിയില്‍ എത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോള്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. കുട്ടി അതീവ തീവ്രപരിചരണ വിഭാഗത്തിലും അമ്മ ഐ.സി.യു.വിലുമാണ്.

 

 




MathrubhumiMatrimonial