Crime News

കരിഞ്ചന്തയിലേക്ക് റേഷന്‍ സാധനങ്ങള്‍ കടത്തിയ രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍

Posted on: 19 Apr 2015


കൊല്ലം: റേഷന്‍കടകള്‍ വഴി വിതരണത്തിനുള്ള പുഴുക്കലരിയും ഗോതമ്പും പ്ലാസ്റ്റിക് ചാക്കിലാക്കി വ്യാജബില്ല് ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി.

കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്തുവച്ച് ലോറിയും റേഷന്‍ സാധനങ്ങളും നേരത്തെ അറസ്റ്റിലായ ഡ്രൈവര്‍ ബൈജുവിന് കൈമാറിയ വാളത്തുംഗല്‍ കയ്യാലയ്ക്കല്‍ കളപ്പുറത്ത് പടിഞ്ഞാറ്റതില്‍ (മീനാട് കോഷ്ണക്കാവ് ലൂക്കോ വീട്) ഷാന്‍ (33) കയ്യാലയ്ക്കല്‍ പേരൂര്‍ പുത്തന്‍വീട്ടില്‍ സുധീര്‍ (32) എന്നിവരാണ് പിടിയിലായത്. മൂന്നുദിവസം മുമ്പാണ് ലോറിയില്‍ കടത്തുകയായിരുന്ന 241 ചാക്ക് റേഷന്‍ അരിയും 49 ചാക്ക് റേഷന്‍ ഗോതമ്പും പിടിച്ചെടുത്തത്. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ബൈജുവിനെ ചോദ്യം ചെയ്തപ്പോഴാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപംവച്ച് ഷാനിനും സുധീറിനും ലോറി കൈമാറിയതായി തെളിഞ്ഞത്. ഇവര്‍ ലോറിയുമായി പള്ളിമുക്ക് ഗോപാലശ്ശേരിയില്‍ ഉള്ള രഹസ്യ ഗോഡൗണില്‍ എത്തി ലോഡ് കയറ്റി രാത്രി ഒമ്പതരയോടെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. പോലീസ് താലൂക്ക് ജങ്ഷനില്‍ വാഹന പരിശോധന നടത്തുമ്പോള്‍ ലോഡുമായി വന്ന ലോറി കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് നെല്ലിമുക്കില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ക്ക് ഷാനിന്റെ ഫോണ്‍ നമ്പര്‍ മാത്രമാണ് പരിചയമുണ്ടായിരുന്നത്. തുടര്‍ന്ന്‌ ൈസബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പള്ളിമുക്കില്‍ വച്ച് ഷാനെ അറസ്റ്റ് ചെയ്തത്. ഷാന്‍ നല്‍കിയ വിവരപ്രകാരമാണ് സുധീറിന് റേഷന്‍ കടത്തിലെ പങ്കിനെക്കുറിച്ചുള്ള വിവരം കിട്ടിയത്. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതികളുമായി പോലീസ് പള്ളിമുക്ക് ഗോപാലശ്ശേരിയിലുള്ള ഗോ!!ഡൗണ്‍ റെയ്ഡ് ചെയ്തിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉടമ രക്ഷപ്പെടുകയും ചെയ്തു.

കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, അഡി. എസ്.ഐ. ആര്‍.കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് പ്രകാശ്, രാധാകൃഷ്ണന്‍, അനന്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സജി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വ്യാജ ബില്ലിനെക്കുറിച്ചും അതില്‍ കാണപ്പെട്ട സീലിനെക്കുറിച്ചും അന്വേഷണം നടത്തും.

 

 




MathrubhumiMatrimonial