Crime News

ചാക്കുകളില്‍ ശേഖരിച്ചുവെച്ച മണല്‍ പിടികൂടി

Posted on: 18 Apr 2015


തിരുമിറ്റക്കോട്: ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി ശേഖരിച്ച് ചാക്കുകളില്‍ നിറച്ചുവെച്ച മണല്‍ പിടികൂടി. തിരുമിറ്റക്കോട് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് 50 മീറ്റര്‍ പരിധിയില്‍നിന്ന് എടുത്ത ഇരുന്നൂറോളം ചാക്ക് മണലാണ് നശിപ്പിച്ചത്. റവന്യുസ്‌ക്വാഡ് അംഗങ്ങളായ തിരുമിറ്റക്കോട്-1 വില്ലേജിലെ സ്‌പെഷല്‍ വില്ലേജോഫീസര്‍ മോഹനന്‍, നാഗലശ്ശേരി വില്ലേജോഫീസര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. തിരുമിറ്റക്കോട് ദേവസ്വംമാനേജര്‍ ഗിരിധരനും പ്രവൃത്തിയില്‍ പങ്കെടുത്തു.

പുരാവസ്തുസ്മാരക സംരക്ഷണനിയമപ്രകാരം 300 മീറ്റര്‍ പരിധിയില്‍നിന്ന് മണലെടുപ്പിന് നിയന്ത്രണങ്ങളുണ്ട്. പുരാവസ്തുസ്മാരകങ്ങളില്‍പ്പെടുന്ന തിരുമിറ്റക്കോട് ക്ഷേത്രത്തിന്റെ സമീപത്തുള്ള ഭാരതപ്പുഴയില്‍നിന്ന് അനധികൃതമായി മണലെടുക്കുന്നത് പതിവാണ്.

കഴിഞ്ഞദിവസം രാത്രിയാണ് മണല്‍ പിടികൂടി നശിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് മണലെടുപ്പിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് ദേവസ്വം അധികൃതര്‍ പരാതിനല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial